
ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് ഒരാള്‍ ചേക്കേറി കഴിഞ്ഞാല്‍ പിന്നെ അവരെ പിടിച്ചു ആദ്യ മതക്കാര്‍ കൂട്ടില്‍ അടച്ചിട്ടത് കൊണ്ട് ഒരു കാര്യവുമില്ല കാരണം സ്വന്തം മതത്തെക്കുറിച്ച് അറിവില്ലാത്തതും മറ്റ് മതത്തെക്കുറിച്ചുള്ള കൂടുതല്‍ അറിവുമാണ് അവരെ അങ്ങനെ മാറ്റി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നത്.
തെരുവ് നായ്ക്കളെ പിടിച്ചു കൂട്ടിലിട്ടാല്‍ എങ്ങനെയെങ്കിലും അവര്‍ അതില്‍ നിന്നും പുറത്ത് ചാടുവാന്‍ ശ്രമിക്കും. അങ്ങനെ പുറത്ത് ചാടിയാല്‍ പിന്നെ ഒരു ഓട്ടമുണ്ടാകും. അതുപോലെയാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന ചില സംഭവ വികാസങ്ങള്‍.
പ്രേമിക്കേണ്ടത് മനുഷ്യ മനസ്സിനെയാണ്. മതത്തെ അല്ല. ഇങ്ങനെ പറയേണ്ടി വന്നത്, ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന വാര്‍ത്ത കാരണം ആണ്. അഖില - ഹാദിയ. ഇവര്‍ ഏതു മതത്തിലേക്ക് മാറിയാലും ആ ശരീരത്ത് ഓടുന്നത് അവളുടെ മാതാപിതാക്കളുടെ രക്തം തന്നെയാകും. അവര്‍ എങ്ങോട്ട് പോയാലും അവര്‍ക്ക് അവള്‍ സ്വന്തം മകള്‍ തന്നെയാകും. അത് അല്ലെന്നു തെളിയിക്കാന്‍ ഒരു കോടതിക്കും കഴിയില്ല. എന്നാല്‍ ഇതിന്റെ പേരില്‍ സ്നേഹിക്കുന്ന മനസ്സുകളെ അകറ്റുന്നത് ശരിയല്ല. അവര്‍ പരസ്പരം സ്നേഹിച്ചിട്ടുണ്ടെങ്കില്‍ അവരെ ഒരുമിപ്പിക്കുക ഒരു മതത്തിന്റെയും പിന്തുണ ഇല്ലാതെ. ഷെഫിന്‍ ഷാജഹാനും അഖിലയും ജീവിക്കട്ടെ ഒരു മതത്തിന്റെയും ലേബല്‍ ഇല്ലാതെ.
ശ്രീ നാരായണ ഗുരുദേവന്റെ വാക്കുകള്‍ ഇവിടെ കുറിക്കുന്നു
ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
[മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.]
ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം
[മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.]
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?
[ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?]
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
[പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.]
ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.
[വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.]