ഹണിയുടെ യുദ്ധവും ബോചെയുടെ ദ്വയാര്ഥവും
കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളം മുഴുവനും ചർച്ചയായ ഒരു വാർത്തയാണ് ഹണി റോസ് യുദ്ധം പ്രഖ്യാപിച്ചത്. സത്യത്തിൽ ഇത് വൈകിപ്പോയി എന്നെ ഞാൻ പറയൂ, കാരണം ഒരു വ്യക്തി എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്നൊക്കെ തീരുമാനിക്കുന്നത് അതാത് വ്യക്തികൾ തന്നെയാണ്, അവിടേയ്ക്ക് എന്തിനാണ് നമ്മളെല്ലാം എത്തി നോക്കുന്നത്?
അവർക്ക് ഡ്രസ്സ് വാങ്ങുവാനുള്ള പണം നമ്മളാണോ കൊടുക്കുന്നത്? അതോ അവർ ഇടേണ്ട ഡ്രസ്സ് നമ്മളാണോ തീരുമാനിക്കേണ്ടത്? ഇനി അതൊക്കെ പോട്ടെ നമ്മുടെ എത്ര ആളുകളുടെ വീടുകളിൽ ഹണി റോസ് വന്നിട്ടുണ്ട് നിങ്ങൾ ഇന്ന ഡ്രസ്സ് മാത്രമേ ധരിക്കാവൂ എന്ന് പറഞ്ഞിട്ട്? പിന്നെ എന്തിന് വേണ്ടി നമ്മൾ അവരുടെ ഡ്രസ്സിന്റെ കാര്യത്തെ കുറിച്ച് സംസാരിക്കണം?
അങ്ങ് കോവളം ബീച്ചിൽ മദാമ്മമാർ പ്രത്യേകിച്ച് ഒരു മറയും ഇല്ലാതെ വെയില് കൊള്ളുവാൻ കിടക്കുമ്പോഴും അവിടെയും കഴുകൻ കണ്ണുകൾ ചെല്ലുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അത് ഒരു മലയാളി ആവും…. അത്രമാത്രം ലൈംഗിക ദാരിദ്രം ആണ് മലയാളികൾക്കിടയിൽ… ഏതൊരു പെണ്ണിനേയും കാമക്കണ്ണുകൾ കൊണ്ട് മാത്രം കാണുവാനെ മലയാളികൾ പഠിച്ചിട്ടുള്ളൂ ( എല്ലാ മലയാളികളും അങ്ങനെ അല്ല, അത്യാവശ്യം ബോധം ഉള്ളവരും ഉണ്ട് ) അതിന് പ്രധാനപ്പെട്ട ഒരു കാരണം എന്താണെന്ന് വച്ചാൽ സെക്സ് എഡ്യൂക്കേഷൻ കുറവ് തന്നെയാണ്, അതുകൊണ്ട് ആണ് ഒളിഞ്ഞും പാത്തും ഒക്കെ ഓരോന്ന് ആസ്വദിക്കാൻ പോകുന്നത്.
ഹണി റോസ് ഇട്ടു വരുന്ന ഡ്രസ്സ് കണ്ടിട്ട് പലരും പറഞ്ഞിട്ടുണ്ട്, ഇവൾക്ക് ഇച്ചിരി വൃത്തിയുള്ള ഡ്രസ്സ് ഇട്ട് കൂടെ എന്ന്, ഇങ്ങനെ നാട്ടുകാരെ കാണിക്കാൻ നടക്കണോ എന്ന്, എങ്കിൽ ഞാനൊന്ന് ചോദിക്കട്ടെ , എന്റെ ഒക്കെ നാട്ടിൽ എത്രയോ ആണുങ്ങൾ മുണ്ട് മാത്രം ധരിച്ച് ഷർട്ട് ഒന്നും ഇടാതെ റോഡിൽ കൂടെ ഒക്കെ പോകുന്നത് ഞാൻ അധികവും കാണാറുണ്ട്, അങ്ങനെ എങ്കിൽ സ്ത്രീകൾക്കും പറഞ്ഞൂടെ അയാളുടെ വസ്ത്ര ധാരണം മാറ്റണം എന്ന്. എന്തുകൊണ്ടാണ് നമ്മൾ അങ്ങനെ നടക്കുന്ന പുരുഷന്മാരുടെ വസ്ത്ര ധാരണത്തെക്കുറിച്ച് മോശം വാക്കുകൾ ഒന്നും ഉപയോഗിക്കാത്തത് ?
അമ്പലത്തിൽ പോകുമ്പോൾ ഷർട്ട് ഊരി ഇട്ട് പോകുന്നു, അപ്പോഴും അന്യ സ്ത്രീകൾക്ക് പറഞ്ഞൂടെ അവരുടെ വസ്ത്രധാരണം ശരിയല്ല എന്നത്? എന്ത് കൊണ്ട് പറയുന്നില്ല? കാരണം അത് പുരുഷനാണ്, അവന് എങ്ങനെ വേണമെങ്കിലും നടക്കാം, പെണ്ണൊരുത്തി ഇച്ചിരി തുണി ഇല്ലാതെ നടന്നാൽ അപ്പോൾ വിമർശനം, എന്നാലോ ഈ വിമർശിക്കുന്ന ആളുകകളിൽ ഭൂരിഭാഗവും സണ്ണി ലിയോൺ ഫാൻ ആയിരിക്കും…. കാരണം അവർക്ക് മുൻപ് ഒന്നും തീരെ തുണി ഉണ്ടായിരുന്നില്ലല്ലോ…
അപ്പോൾ ഡ്രസ്സ് ഇട്ടത് ആണ് വിഷയം, അല്ലാതെ ആയിരുന്നെങ്കിൽ ആരും ഒന്നും പറയില്ലായിരുന്നു. അത്രമാത്രം അധംപതിച്ചു പോയിട്ടുണ്ട് കേരള സമൂഹം.
വസ്ത്രമാണ് പ്രശ്നമെങ്കിൽ എന്തിനാണ് 3 വയസ്സുള്ള കുട്ടിയെ പോലും ബലാൽസംഗം ചെയ്ത് കൊന്നു കളഞ്ഞത്? ആ കുട്ടിക്ക് ഒക്കെ എന്ത് നിതംബം ഉണ്ടായിട്ട് ആണ്, അല്ലെങ്കിൽ വലുപ്പം ഉള്ള മാറിടം ഉണ്ടായിരുന്നോ? അപ്പോൾ അതല്ല യഥാർത്ഥ പ്രശ്നം… പിന്നെ ഹണി റോസിന്റെ വസ്ത്ര ധാരണത്തെക്കുറിച്ച് കുറ്റം പറയുമ്പോൾ നമ്മളെല്ലാം നമ്മുടെ കുടുംബത്തിലേക്ക് കൂടി ഒന്ന് നോക്കേണ്ടത് ഉണ്ട്, ഇപ്പോൾ ചില ഇവന്റസ് നടക്കുന്ന സ്ഥലങ്ങളിൽ പോയാൽ അവിടെ പെൺകുട്ടികളുടെ വസ്ത്ര ധാരണം എന്ന് പറയുന്ന സെലിബ്രിറ്റികൾ ആയ ആളുകൾ ഇടുന്നതിനേക്കാൾ മോശമായ രീതീയിൽ ആയിരിക്കും, അതിനർത്ഥം ആ ഡ്രസ്സ് ഇടുന്നത് ആ കുട്ടിക്കോ , കുട്ടിയുടെ മാതാപിതാക്കള്ക്കോ യാതൊരു വിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നില്ല എന്ന് വേണ്ടേ കരുതുവാൻ? നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യവുണ്ട് ഏതൊരു വ്യക്തിയും അവർക്ക് കംഫോര്ട്ട് എന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ചെയ്യുക, അതിലേക്ക് എന്തിനാണ് നമ്മുടെ കാമക്കണ്ണുകൾ കൊണ്ട് പോകുന്നത്? ഇനി എന്നാണു ഇതൊക്കെ മാറുന്നത് ???
പിന്നെ ചില ആളുകൾ വെളുത്ത് ഇരിക്കും ചിലർ കറുത്ത് ഇരിക്കും, ചിലരുടെ പല്ല് പൊന്തിയിരിക്കും ചിലത് പൊട്ടി ഇരിക്കും,ചില ആളുകൾക്ക് നല്ലോണം ബ്രസ്റ്റ് ഉണ്ടാവും, ചിലപ്പോ തീരെ ഉണ്ടാവില്ല, ചില ആളുകൾക്കു നല്ലോണം നിതംബം ഉണ്ടാവും ചില ആളുകൾക്ക് തീരെ ഉണ്ടാവില്ല അങ്ങനെ ഓരോ ആളുകൾക്കും വ്യത്യസ്ത രീതിയിൽ ആയിരിക്കും ശരീര രീതി, അതിനെയെല്ലാം കളിയാക്കുവാൻ നമുക്കൊക്കെ ആരാണ് അധികാരം തന്നത് ?
ഇനി ഇപ്പോൾ നടക്കുന്ന കാര്യത്തിലെക്ക് വരാം, സ്വർണ്ണ മുതലാളി ശ്രീമാൻ, ബോബി ചെമ്മണ്ണൂർ, ബോചെ എന്ന് സ്വയം വിളിക്കുന്നു, അല്ലെങ്കിൽ വിളിപ്പിക്കുന്നു, അദ്ദേഹത്തെ എനിക്ക് ഇഷ്ടമായിരുന്നു കുറച്ചു കാലം മുൻപ് വരെ, അദ്ദേഹത്തോട് അകൽച്ച തോന്നിയ ചില സംഭവങ്ങൾ പറയട്ടെ,
1 – അദ്ദേഹത്തിന്റെ മകളുടെ അത്ര മാത്രം പ്രായം ഉള്ള ഒരു പെൺകുട്ടിയെ സൈക്കിളിൽ കയറ്റി പോകുമ്പോൾ പറഞ്ഞ ഡയലോഗ്, തിരികെ വരുമ്പോൾ നമ്മൾ രണ്ടല്ല മൂന്ന് പേര് ഉണ്ടാകും എന്നത് ( അദ്ദേഹം തമാശയിൽ പറഞ്ഞത് ആവും, പക്ഷെ ആ പെൺകുട്ടിക്ക് അത് തമാശ ആയിട്ട് അല്ല തോന്നിയത്, മാത്രമല്ല അന്ന് ആ സംഭവത്തിനു ശേഷം ആ കുട്ടിയുടെ വീട്ടിൽ എന്തായിരിക്കും സംഭവിച്ചു കാണുക, അത്യാവശ്യം ബോധം ഉള്ള വീട്ടുകാർ ആണെങ്കിൽ പെൺകുട്ടിക്ക് നല്ല രീതിയിൽ വഴക്ക് കേൾക്കുവാൻ സാധ്യത ഉണ്ട് )
2 – മറ്റൊരു പെൺകുട്ടി ചെമ്മണ്ണൂർ ജൂവലറിയിൽ സാധനം ഇല്ല എന്ന് പറഞ്ഞപ്പോൾ അതിനു കൊടുത്ത മറുപടി, ഇങ്ങോട്ട് വന്നാൽ മതി എന്റെ 916 സാധനം ഞാൻ കാണിച്ചു തരാം എന്ന് പറയുക മാത്രമല്ല അതിനനുസരിച്ചുള്ള ആക്ഷനും. അതിനെതിരെ ആരും പ്രതികരിച്ചതായി കണ്ടില്ല, നാളെ നമ്മുടെ വീട്ടിലെ ഒരാൾക്ക് ഇങ്ങനെ ഒരു മറുപടി കിട്ടുമ്പോൾ ആവും നമ്മളൊക്കെ പ്രതികരിക്കുക.
3 -ഏറ്റവും ഒടുവിലായി കുന്തി ദേവി പ്രയോഗവും, മുന്നിൽ അല്ലെ കണ്ടുള്ളൂ, പിൻഭാഗം കണ്ടില്ലല്ലോ എന്ന് ചോദിച്ചു കൊണ്ട് ഹണിയെ കറക്കിയത്.
4- പൂരപ്പറമ്പിൽ ഞാൻ പെണ്ണുങ്ങളെ ജാക്കി വയ്ക്കാൻ പോകുമായിരുന്നു എന്നുള്ള തമാശകളും ( അദ്ദേഹത്തിന്റെ ഭാഷയിൽ ) നമ്മൾ കേട്ടത് ആണ്, പക്ഷെ ഒന്ന് പ്രതികരിച്ച് പോയാൽ പ്രതികരിക്കുന്നവന്റെ അണ്ണാക്കിൽ ശൂലം കയറ്റി വിടുന്ന ടീം അദ്ദേഹത്തിന് ഉണ്ട്
ദേ ഈയടുത്തു ആയിട്ട് ഒരു ചാനൽ ഇന്റർവ്യൂവിൽ പറഞ്ഞിരിക്കുന്നു നടി എന്നല്ലേ പറഞ്ഞത് വെടി എന്നല്ലല്ലോ….
ഇത്തരം കുറച്ചു കാര്യങ്ങൾ പോരെ എത്ര നന്മ ചെയ്താലും അതൊക്കെ ഒന്നുമല്ലാതെ ആകുവാൻ. നിങ്ങൾ ഒന്ന് സ്വയം ചിന്തിച്ചു നോക്കിയേ ഞാനോ നിങ്ങളോ ആണ് ഇങ്ങനെ പരാമർശം നടത്തുന്നത് എങ്കിൽ എന്തായിരിക്കും ഇവിടെ അവസ്ഥ? നമുക്ക് ഇങ്ങനെ ജന പിന്തുണ ലഭിക്കുമോ, ഇങ്ങനെ കയ്യടി ലഭിക്കുമോ? ഇല്ല എന്നാണു നിങ്ങൾക്ക് തോന്നുന്നത് എങ്കിൽ നിങ്ങൾക്ക് ഇത് ഷെയർ ചെയ്യാം, കാരണം പണത്തിന്റെ അഹങ്കാരത്തിൽ ആരോടും എന്തും ചെയ്യാം, എന്തും പറയാം എന്ന് ഇനി ഒരു അഹങ്കാരികളും ചിന്തിക്കുവാൻ പാടില്ല.
ഏറ്റവും വലിയ കോമഡി എന്തെന്നാൽ കേരളത്തിലെ പ്രമുഖ ചാനലുകൾ എല്ലാം തന്നെ ബോചെയെ വിളിച്ചിട്ട് അദ്ദേഹത്തിന് മാപ്പ് പറയാനുള്ള അവസരം ഉണ്ടാക്കിയിരിക്കുന്നു. അതായത് ഹണി റോസിന് എതിരെ പറഞ്ഞ മറ്റാർക്കും ഇല്ലാത്ത പരിഗണന, അത് എന്ത് കൊണ്ടാണ് അദ്ദേഹം പണക്കാരൻ ആയത് കൊണ്ടാണോ? അതോ ഒരു സെലിബ്രിറ്റി ആയത് കൊണ്ടോ? അദ്ദേഹത്തിന് ഇങ്ങനെ മാപ്പ് പറയാനുള്ള സൗകര്യം ഒരുക്കുന്ന ചാനലുകൾ മറ്റുള്ള പ്രതികൾക്കും മാപ്പ് പറയുവാനുള്ള അവസരം ഒരുക്കണം എന്നാണു എന്റെ ഒരു ആഗ്രഹം. കാരണം അവർക്ക് പണം ഇല്ല, സെലിബ്രിറ്റി അല്ല എന്ന് മാത്രമേ ഉള്ളൂ, പകരം അവരെല്ലാം മനുഷ്യരാണ്…. അപ്പോൾ പിന്നെ റിപ്പോർട്ടർ ചാനലിലെ അരുൺ കുമാർ ഉൾപ്പെടെ ഉള്ളവർ എന്തിന് ബോചെക്ക് മാപ്പ് പറയുവാനുള്ള അവസരം ഒരുക്കി? മറ്റൊന്നുമല്ല ചാനലിന് നല്ല രീതിയിൽ പരസ്യം കിട്ടി കാണും, അല്ലെങ്കിൽ ഇനി അങ്ങോട്ട് പരസ്യം കൊടുക്കാം എന്ന് പറഞ്ഞു കാണും…. നാണമില്ലേ നിങ്ങൾക്ക്???
ഹണി റോസ് കേസ് ഫയൽ ചെയ്‌തു, ആൾക്കെതിരെ പറഞ്ഞവർക്ക് എതിരെ, ഒടുവിൽ പോലീസ് വളരെ വേഗത്തിൽ തന്നെ കേസ് എടുത്തു, അതിൽ ഒരാളെ അറസ്റ്റ് ചെയ്തു, എന്നാൽ അവർക്കൊന്നും യാതൊരു വിധ പരിഗണനയും പോലീസ് നൽകിയില്ല, ഇന്ത്യൻ നിയമ വ്യവസ്ഥയും നൽകിയില്ല, അതെ സമയം ബോചെക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിക്കപ്പെട്ടിട്ടും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടും ആളെ കസ്റ്റഡിയിൽ എടുക്കുവാൻ കഷ്ടപ്പെടുകയാണ്. ഒടുവിൽ കേട്ട വാർത്ത ബോബി ചെമ്മണ്ണൂർ ബാംഗ്ലൂരിൽ ആണ് ഉള്ളത് എന്നായിരുന്നു. എന്നാൽ ഇന്ന് ശരിക്കും ഞെട്ടിക്കുന്ന രീതിയിൽ തന്നെ ഒരു വാർത്ത വന്നു ബോബി ചെമ്മണ്ണൂരിനെ വയനാട് മേപ്പാടിയിൽ നിന്നും സ്‌പെഷ്യൽ ടീം കസ്റ്റഡിയിൽ എടുത്തു.പക്ഷെ അദ്ദേഹത്തിന് ചിലപ്പോൾ ഇന്ന് തന്നെ ജാമ്യം കിട്ടുമായിരിക്കും, നാളെ മുതൽ ഈ വിഷയത്തെ അദ്ദേഹം മറ്റൊരു രീതിയിലേക്ക് മാറ്റി അതും മാർക്കറ്റ് ചെയ്യും, അത്രയും മികച്ച ബിസിനസ്സ്മാൻ കൂടി ആണ് അദ്ദേഹം.
ഇപ്പോഴിതാ കേരളത്തിന്റെ അങ്ങോളം ഇങ്ങോളം നിരവധി ആളുകൾ ബോചെയെ പിന്തുണച്ച് വരുന്നു, ഇവർ എന്തുകൊണ്ടാണ് ഇങ്ങനെ പിന്തുണയ്ക്കുന്നത് എന്നാണു എനിക്ക് മനസ്സിലാക്കാത്തത്. നാളെ ഞാനോ നിങ്ങളോ ഈ പിന്തുണയ്ക്കുന്ന ആളുകളുടെ വീട്ടിൽ ഉള്ള സ്ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയോ അല്ലെങ്കിൽ സ്പർശിക്കുകയോ ചെയ്‌താൽ ഈ പിന്തുണയ്ക്കുന്ന ടീമുകൾ അപ്പോഴും അതിനെ പിന്തുണയ്ക്കുമോ? രാഹുൽ ഈശ്വറിനോട് ഒക്കെ ഒരു ബഹുമാനം ഉണ്ടായിരുന്നു, പക്ഷെ ഇന്നത്തെ അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റ് കേട്ടിട്ട് എനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. നല്ല കഴിവുള്ള വക്കീലും, വക്കീലിന് കൊടുക്കുവാനുള്ള പണവും ഉണ്ടെങ്കിൽ ഈ ഇന്ത്യാ മഹാരാജ്യത്ത് എന്തും നടക്കും, ഏതോ സിനിമയിൽ പറഞ്ഞത് പോലെ ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്, ഇവിടെ എന്തും നടക്കും …..
എന്തായാലും ഹണി റോസിന്റെ യുദ്ധ പ്രഖ്യാപനത്തിൽ ഞാൻ അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നു,ഇന്ത്യൻ നിയമ വ്യവസ്ഥ ഇച്ചിരി കൂടി ഒന്ന് സ്ട്രോങ്ങ് ആക്കണം എന്നുള്ള അഭ്യർത്ഥനയും.
പിന്നെ ഒരാളോട് പറയാവുന്നതിന്റെ അങ്ങേ തല വരെ പറഞ്ഞു കഴിഞ്ഞിട്ട് കേസ് വരുമ്പോൾ ഒരു ഖേദ പ്രകടനം നടത്തുന്നത് കൊണ്ട് എന്താണ് പ്രയോജനം? ഇനി അങ്ങനെ മാപ്പ് പറഞ്ഞാൽ മതിയെങ്കിൽ നാളെമുതൽ നമുക്കെല്ലാവർക്കും തുടങ്ങാം ഇങ്ങനെ പച്ചയ്ക്കു ഒരോന്ന് വിളിച്ചു പറയുവാൻ, എന്നിട്ട് കേസ് വരുമ്പോൾ നമുക്കും പറയാം മാപ്പ്….. ശുഭം……
ബോചെയെ കൊണ്ട് മാപ്പ് പറയിപ്പിച്ച സിൻസി അനിലിനെയും ഈ അവസരത്തിൽ നമ്മൾ ഓർക്കണം, അതിന്റെ വീഡിയോ ലിങ്ക് ചുവടെ നൽകുന്നു
https://www.facebook.com/shawn.sincy.3/videos/1142939320753193
ജിതിൻ ഉണ്ണികുളം

Leave a Comment