ഇന്നത്തെ രാക്ഷ്ട്രീയ ചിത്രം, അതാണ് "രാമലീല"
രാമലീലയെക്കുറിച്ച് വിശകലനം എഴുതുന്നതിനേക്കാള്‍ നല്ലത് ഈ കാലത്തെ ഇടത് വലത് രാക്ഷ്ട്രീയ പകപോക്കലിനെക്കുറിച്ച് എഴുതുന്നതാകും നന്നാവുക. കാരണം സിനിമ തുടങ്ങുന്നത് തന്നെ കേരളത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനം കാണിച്ചുകൊണ്ടും എ കെ ജി മുതലായുള്ള നേതാക്കളുടെ സ്മാരകങ്ങള്‍ ഉയര്‍ത്തികാട്ടികൊണ്ടുമാണ്. അപ്പോള്‍ തന്നെ ഏകദേശം എല്ലാവര്ക്കും മനസ്സിലാകും ഇത് പക്കാ രാക്ഷ്ട്രീയ സിനിമയാണെന്ന്.
ഇടതനെയും വലതനെയും വലിയ രീതിയില്‍ വെറുപ്പിക്കാതെ നല്ല രീതിയില്‍ ഈ സിനിമയുടെ കഥ മുന്നോട്ടു കൊണ്ടുപോയി. ചിന്തിക്കുന്ന കമ്മ്യൂണിസ്റ്റ് അണികള്‍ക്ക് ഈ ഒരു സിനിമ ഒരുപക്ഷെ നല്ലൊരു തുടക്കമാകും.വിജയരാഘവന്റെ സഖാവ് അമ്പാടി മോഹനന്‍ വേഷം ഒരു ഒന്നൊന്നര വേഷം തന്നെയാണ്. മികച്ച അഭിനയം. ചങ്കൂറ്റമുള്ള ഒരു സഖാവ്, എന്തിനും ഏതിനും പേടിയില്ലാത്ത സഖാവ്. ആ സഖാവ് ദിലീപിന്റെ രാമനുണ്ണി എന്ന കഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് " നിന്റെ അച്ഛനെ ഞങ്ങള്‍ നോക്കി വച്ചതാ, പക്ഷെ അന്ന് രാത്രി ഏതോ ഒരുത്തന്റെ കത്തിക്ക് ഇരയായി പാവം സഖാവ്, അങ്ങനെ ഞങ്ങള്‍ക്ക് ഒരു രക്തസാക്ഷിയായി, ഇങ്ങനെ രക്തസാക്ഷിയായാല്‍ പാര്‍ട്ടി അവര്‍ക്ക് നല്‍കുന്നൊരു ഉപഹാരം ഉണ്ട്, ഏതെങ്കിലും ലൈബ്രറിക്കോ , പാര്‍ട്ടി ഓഫീസിനോ പേര് അങ്ങിടും, സഖാവ് .............. രക്തസാക്ഷി എന്ന്, ഓര്‍ത്താല്‍ നിനക്കൊക്കെ നന്ന് " പാര്‍ട്ടിക്ക് എതിരെ പറഞ്ഞാല്‍ അവന്‍ രക്തസാക്ഷി ആകും എന്നതും അതിനു പാര്‍ട്ടി എന്താണ് നല്‍കുന്നതും എന്നും വ്യക്തമായി ഇതില്‍ പറഞ്ഞിരിക്കുന്നു.
ആരുടെയെങ്കിലും കത്തിക്ക് ഇരയാകാന്‍ താല്പര്യമില്ലാത്ത എം എല്‍ എ കൂടി ആയിരുന്ന എം എല്‍ എ സ്ഥാനം രാജി വക്കുകയും ചെയ്യുന്നു സഖാവ് രാമനുണ്ണി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്ത്പോകുകയും പകരം കോണ്ഗ്രസ് പാര്‍ട്ടിയില്‍ എത്തിച്ചേരുകയും ചെയ്യുന്നു.അവിടെ തുടങ്ങുന്നു രാമനുണ്ണിക്ക് ചില ആളുകളോട് ദേഷ്യം, അതുപോലെ നേരെ തിരിച്ചും. രാമനുണ്ണി പാര്‍ട്ടി വിട്ടു പോയതില്‍ സ്വന്തം അമ്മ പോലും തള്ളിപ്പറയുന്നു, തന്തയ്ക് പിറക്കാത്തവന്‍ എന്ന് പറഞ്ഞു കരണത്ത് അടിക്കുമ്പോള്‍ രാമനുണ്ണി തിരികെ പറയുന്ന ഡയലോഗ് " ഒരിക്കല്‍ അമ്മ എന്നെ നോക്കി ലാല്‍സലാം എന്ന് പറയും അന്ന് ഞാന്‍ തിരികെ പറയും ലാല്‍ സലാം "
കോണ്ഗ്രസ് പാര്‍ട്ടിയിലെ ശക്തനായ നേതാവിനെ അഭിനയമികവുകൊണ്ട് വളരെ നല്ല രീതിയില്‍ അവതരിപ്പിച്ച സിദ്ധീഖ് ശരിക്കും അതിശയിപ്പിച്ചു. പാലക്കാടന്‍ ഭാഷ വളരെ ഭംഗിയായിട്ടാണ് സിദ്ധീഖ് അതില്‍ പറഞ്ഞിരിക്കുന്നത്. പതിവ് വില്ലനില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രം. ഒന്നാന്തരം രാക്ഷ്ട്രീയ നേതാവിനെ ആ അഭിനയത്തില്‍ കാണാം.
കോണ്ഗ്രസ് പാളയത്തില്‍ എത്തിച്ചേരുമ്പോള്‍ കുറെ കാര്യങ്ങള്‍ രാമനുണ്ണി പഠിക്കുന്നു, അത് പഠിപ്പിച്ചു കൊടുക്കാന്‍ ടി സി അഥവാ തോമസ് ചാക്കോയെ നിയമിക്കുന്നു. ടി സി എന്ന കഥാപാത്രത്തെ വളരെ നല്ല രീതിയിലാണ് ഷാജോണ്‍ അവതരിപ്പിച്ചത്. സിനിമയില്‍ ഉടനീളം ഷാജോണിനെ നമ്മള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. ടി സി ഒരിക്കല്‍ രാമനുണ്ണിയോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് " സാറിന് വല്ല ദുശ്ശീലവും ഉണ്ടോ " രാമനുണ്ണിയുടെ മറുപടി ഇങ്ങനെ " ഉണ്ടായിരുന്നു ഇപ്പോള്‍ ഇല്ല ... ടി സി - എന്തായിരുന്നു അത് ... രാമനുണ്ണി - കമ്മ്യൂണിസം .......... സത്യത്തില്‍ കമ്മ്യൂണിസം അത്രയും ഇഷ്ടമായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ദുശ്ശീലം ഒന്നും ഇല്ല എന്ന് പറയുമ്പോള്‍ കൊണ്ഗ്രസ്സിനോട് വല്യ താല്പര്യം ഇല്ല എന്ന് വേണം കരുതുവാന്‍. ആ ഡയലോഗ് ചിലപ്പോള്‍ കമ്മ്യൂണിസ്റ്റ് അണികള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് കാണില്ല, അര്‍ഥം അറിഞ്ഞാല്‍ കുഴപ്പമില്ല.
സിനിമയില്‍ പകുതി വച്ച് സഖാവ് അമ്പാടി മോഹനന്‍ കൊല്ലപ്പെടുന്നു, പിന്നീട് രാമനുണ്ണിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍കൂടിയാണ് സിനിമ മുന്നോട്ടു പോകുന്നത്. ഒളിവില്‍ പോകുന്ന രാമനുണ്ണിക്ക് പിന്തുണ നല്‍കുന്നത് പഴയ കാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സഖാവ്. ആ സഖാവും മകളും കൂടിയാണ് രാമനുണ്ണിയെ പിന്നീട് സഹായിക്കുന്നത്. ഹെല്നയുടെ ഓണ്‍ലൈന്‍ ചാനലാണ് പിന്നീട് രാമനുണ്ണിയെ ഈ കേസില്‍ സഹായിക്കുന്നത്.
പിന്നീട് അങ്ങോട്ടും പ്രേക്ഷകരെ കണ്ഫ്യൂഷന്‍ ആക്കുന്ന രീതിയില്‍ കഥ മുന്നേറുന്നു. അവസാനം പിടിക്കപ്പെടുന്നു. ആര് എന്നത് സസ്പന്‍സ്...... രാമനുണ്ണി പറഞ്ഞതുപോലെ സഖാവ് രാഗിണി ( രാമനുണ്ണിയുടെ അമ്മ ) ലാല്‍ സലാം പറയുന്നു......
അരുണ്‍ ഗോപി എന്ന പുതുമുഖ സംവിധായകന്‍ എന്തായാലും പ്രതീക്ഷ തെറ്റിച്ചില്ല. ആളുകളെ എങ്ങനെ ഇരുത്തണം എന്ന് അയാള്‍ക്ക് നന്നായിട്ട് അറിയാം...
-----------------------------------
ഈ സിനിമ കണ്ടിറങ്ങുന്ന പലര്ക്കും ചിലപ്പോള്‍ ഒരു സംശയം ഉണ്ടാകും, ഈ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് ഇപ്പോള്‍ ദിലീപ് ജയിലില്‍ കിടക്കുന്ന കേസ് സൃഷ്ടിച്ചത് എന്ന് , അത്രയും സാമ്യമാണ് പല കാര്യങ്ങളും.... ബാക്കി നിങ്ങള്‍ കണ്ടു പറഞ്ഞോളൂ....
#RAMALEELA

Leave a Comment