ഇന്ന് തപാല്‍ ദിനം- ഒരു കത്തിന്റെ ഓര്‍മ്മകള്‍

ഇന്ന് ഒക്ടോബര്‍ 9 ലോകമെങ്ങും തപാല്‍ദിനമായി ആചരിക്കുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കി വാഴുന്ന കാലമായതിനാല്‍ കത്ത് എഴുതുന്നത് കുറവായിരിക്കും. എല്ലാവര്ക്കും ഇപ്പോള്‍ ഇ മെയില്‍ അല്ലെങ്കില്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്‌ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ പഴയ കാലത്തെ ആ കത്തെഴുത്ത് പുതു തലമുറയ്ക് ചിലപ്പോള്‍ ഇഷ്ടപ്പെട്ടു എന്ന് വരില്ല. ഈ തപാല്‍ ദിനത്തില്‍ എനിക്ക് ഓര്‍മ്മ വരുന്നത് പതിനാലു കൊല്ലം മുന്‍പ് എന്റെ അഡ്രസ്സില്‍ വന്ന കുറച്ചു കത്തിന്റെ കഥകളാണ്.

അന്ന് ഞാന്‍ വയനാട് മുണ്ടേരി സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന കാലം. എന്നും എന്റെ നാട്ടില്‍ നിന്നും അവിടേക്ക് പോയി വരുകയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. ദിവസവും അങ്ങോട്ടും ഇങ്ങോട്ടും കൂടെ 100 കിലോമീറ്റര്‍ യാത്ര.. വയനാട് ചുരം താണ്ടിയുള്ള യാത്ര അതൊരു സംഭവം തന്നെയായിരുന്നു. ഒരു ദിവസം വൈകീട്ട് ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ എന്റെ കയ്യില്‍ ഒരു കത്ത് ഏല്‍പ്പിച്ചു, എന്നിട്ട് ഇങ്ങനെ ഒരു ഡയലോഗ് " ഡാ ഇതാ നിനക്കൊരു കത്ത്, ഏതോ പെണ്ണിന്റെ പേരാണ് ഉള്ളത്"

ഞാനൊന്ന് പകച്ചു, മനസ്സില്‍ സ്വയം മന്ത്രിച്ചു "ഈശ്വരാ പെണ്ണിന്റെ കത്തോ? അതും എനിക്ക്, ഏത് മാരണം ആണാവോ?" ഭയം പുറത്ത് കാണിക്കാതെ ഞാന്‍ അമ്മയോട് പറഞ്ഞു " എന്റെ ഏതെങ്കിലും ആരാധിക ആയിരിക്കും "
ഉം എന്ന് പറഞ്ഞു കൊണ്ട് അമ്മ പോയി. തൊട്ടു പിറകെ അനിയത്തി വന്നു, ജീ വേഗം വായിക്ക് ഞാനും കേള്‍ക്കട്ടെ ആരാധിക എന്താണ് എഴുതിയത് എന്ന്"

അയ്യെടി ഒന്ന് പോയെ, ഞാന്‍ ആദ്യം വായിച്ചു നോക്കട്ടെ എന്താണ് സംഗതി എന്ന്... അതും പറഞ്ഞു അവളെ ഞാന്‍ ഓടിച്ചു. എന്നിട്ട് സാവധാനം ആ കത്ത് ഞാന്‍ എടുത്തു, അതില്‍ പേര് ഇങ്ങനെ "ഗീത" ഞാന്‍ കുറെ ആലോചിച്ചു അങ്ങനെ ഒരു കുട്ടി ഏതാണാവോ എന്ന്, ഒരു രക്ഷയും കിട്ടിയില്ല. അവസാനം എന്തെങ്കിലും ആകട്ടെ എന്ന് കരുതി കത്ത് തുറന്നു വായിക്കല്‍ ആരംഭിച്ചു.

പ്രിയപ്പെട്ട ജിതിയേട്ടന്, എന്ന് തുടങ്ങുന്ന കത്തില്‍ നിറയെ പ്രണയ വരികള്‍ മാത്രം, അതില്‍ തന്നെ നിറയെ അക്ഷരതെറ്റുകള്‍. അങ്ങനെ ഞാന്‍ വായിച്ചു ചിരിച്ചു പണ്ടാരമടങ്ങി. പിറ്റേന്ന് ക്ലാസ്സില്‍ ചെന്ന് ഞാന്‍ ഈ കാര്യം പറഞ്ഞു. എന്നെ എന്റെ സുഹുര്തുക്കള്‍ വാരി എന്നല്ലാതെ ഒരു കാര്യവും ഇല്ല.

പക്ഷെ അപ്പോഴും ഞാന്‍ ആ കത്തിന്റെ പിറകെ ആയിരുന്നു. എത്ര ആലോചിച്ചിട്ടും ഒരു പിടിത്തവും കിട്ടിയില്ല. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും കത്ത് വന്നു... അതിലും മുന്‍പത്തെപോലെ തന്നെ പ്രണയം മാത്രം. കൂടെ അക്ഷരതെറ്റുകളും. വീട്ടുകാര്‍ക്ക് സംശയം ഉണ്ടാകണ്ട എന്ന് കരുതി പോസ്റ്റ്‌മാനെ കണ്ടു ഞാന്‍ പറഞ്ഞു " എനിക്ക് ഇനി കത്ത് വന്നാല്‍ അത് സനീഷിന്റെ കടയില്‍ കൊടുക്കണം (സനീഷ് എന്റെ കൂട്ടുകാരന്‍)

പോസ്റ്റ്‌മാസ്റ്റര്‍ പറഞ്ഞ വാക്ക് പാലിച്ചു. അടുത്ത കത്ത് അവന്റെ കടയില്‍ കൊടുത്തു. ഞങ്ങള്‍ രണ്ടും അവിടെ ഇരുന്നു വായിച്ചു ചിരിച്ചു മരിച്ചു. അതിനു മറുപടി എന്നോണം ഒരിക്കല്‍ ഞാന്‍ അതെ കത്ത് തിരിച്ചു അങ്ങ് പോസ്റ്റല്‍ ആയി അയച്ചു കൊടുത്തു. അക്ഷരതെറ്റുകള്‍ ഉള്ളതെല്ലാം ചുവന്ന മഷികൊണ്ട് രേഖപ്പെടുത്തി എന്നിട്ട് ഇങ്ങനെ ഒരു ക്യാപ്ഷനും വച്ചു " അക്ഷരങ്ങള്‍ ആദ്യം നന്നായി എഴുതാന്‍ പഠിക്കൂ, എന്നിട്ട് പ്രണയിക്കാം"

പിന്നീട് കുറെ നാളുകള്‍ കത്തുകള്‍ ഒന്നും തന്നെ വന്നില്ല, അങ്ങനെ എന്റെ ജന്മദിനം വന്നപ്പോള്‍ ദേണ്ടെ വരുന്നു, ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് ഒരു കിടിലന്‍ കാര്‍ഡ്. അതിനൊപ്പം തന്നെ എന്റെ വീട്ടിലെ ലാന്‍ഡ്ഫോണിലേക്ക് ഒരു വിളിയും. എന്റെ ഏട്ടന്‍ ഫോണ്‍ എടുത്തു ഞാന്‍ എന്ന രീതിയില്‍ ഫോണ്‍ എടുത്തു. എന്നിട്ട് അവന്‍ പറഞ്ഞു കുട്ടിക്ക് ആള് മാറിയതാണ്, നിങ്ങള്‍ ഉദ്ദേശിക്കുന്ന ജിതിന്‍ ഇതല്ല എന്ന്.

പിറ്റേന്ന് കുട്ടി വീണ്ടും വിളിച്ചു, അപ്പോള്‍ അമ്മ ആയിരുന്നു ഫോണ്‍ എടുത്തത്‌, അമ്മയെ കുറെ ചീത്ത പറഞ്ഞു, അവസാനം അമ്മ ആ കുട്ടിയോട് വിശദമായി ചോദിച്ചപ്പോള്‍ പറഞ്ഞു, ആ കുട്ടി എന്റെ സ്കൂളില്‍ പഠിക്കുന്നത് ആണെന്നും, അവള്‍ കത്തുകള്‍ അയച്ചത് എന്റെ സീനിയര്‍ ആയി പഠിച്ചിരുന്ന മറ്റൊരു കോഴിക്കോട്ടുകാരന്റെ അരികിലേക്ക് ആയിരുന്നു എന്നും.

അമ്മയെ ചീത്ത പറഞ്ഞ കാര്യവും അവള്‍ പഠിക്കുന്നത് അവിടെ തന്നെ ആണെനുള്ള കാര്യവും ഞാന്‍ അറിഞ്ഞു. പിറ്റേന്ന് നേരെ സ്കൂളില്‍ ചെന്ന് ക്ലാസ്സില്‍ ബാഗും വച്ച് പുറത്തിറങ്ങി, ഈ പേരുള്ള കുട്ടിയെ അന്വേഷിച്ചു. ഒടുവില്‍ കണ്ടെത്തി. ഞാന്‍ അവളെ വിളിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ ആണ് മനസ്സിലായത്, ആ കുട്ടി പാവമായിരുന്നു എന്ന്.

ഇങ്ങനെ ഒരു പണി എനിക്കിട്ട് ഒപ്പിച്ചത് എന്റെ കൂടെ പഠിക്കുന്ന എന്റെ ചങ്കുകള്‍ തന്നെയായിരുന്നു എന്ന സത്യം... അവള്‍ അന്വേഷിച്ചു നടന്ന ജിതിന്‍ ഞാന്‍ ആണെന്നും പറഞ്ഞു അവന്മാര്‍ എന്റെ അഡ്രസ്സ് കൊടുത്തു......#ചങ്കുകള്‍ തന്ന എട്ടിന്റെ പണി ഇന്നും എന്റെ ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നു.... 

No comments

Powered by Blogger.