ലഹരിയില്‍ മുങ്ങുന്ന പുതുതലമുറ


ലഹരിയില്‍ മുങ്ങുന്ന തലമുറയെക്കുറിച്ച് എത്രതന്നെ എഴുതിയാലും അത് എത്രത്തോളം ആളുകള്‍ മനസ്സിലാക്കും എന്ന് നമുക്ക് പറയുവാന്‍ കഴിയില്ല. ലഹരി പലതരത്തില്‍ ഉള്ളത് ഉണ്ട്. ചില ആളുകള്‍ കഞ്ചാവ് പോലുള്ള ലഹരിയില്‍ അഭയം തേടുമ്പോള്‍ ചിലര്‍ മദ്യത്തിനു അടിമയാകുന്നു. എന്നാല്‍ ചിലര്‍ പുകവലിയും പാന്‍പരാഗ് പോലുള്ള ലഹരിയില്‍ ആകും അടിമപ്പെടുക.

 ലഹരിയില്‍ മുങ്ങുന്ന തലമുറകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ നമ്മളെല്ലാം വായിച്ചിട്ടുണ്ടാകും. ഒരുപക്ഷെ അതില്‍ പറഞ്ഞിരുന്ന പല ലഹരികളും നമ്മളൊക്കെ ഉപയോഗിക്കയും ചെയ്തിട്ടുണ്ടാകും. പക്ഷെ അങ്ങനെ ഒക്കെ ആണെങ്കിലും ലഹരി ഉപയോഗത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. ദിനംപ്രതി ലഹരി ഉപയോഗം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഈ അവസരത്തില്‍ ഋഷിരാജ് സിംഗ് പറഞ്ഞ വാക്കുകള്‍ ആണ് ഓര്‍മ്മ വരുന്നത്. "തിരുവനന്തപുരം കേരളത്തിന്റെ ഭരണതലസ്ഥാനമാണെങ്കില്‍ കൊച്ചി കേരളത്തിന്റെ ലഹരിതലസ്ഥാനമാണ്. കേരളത്തില്‍ ഏറ്റവുമധികം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതു കൊച്ചിയിലാണ്" ഇത് അക്ഷരംപ്രതി ശരിയായ ഒരു കാര്യമാണ്.

കൊച്ചിയില്‍ എവിടെ തിരിഞ്ഞാലും കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആളുകള്‍ വരെ ഏതെങ്കിലും ഒരു ലഹരിക്ക്‌ അടിമകള്‍ ആയിരിക്കുന്ന കാഴ്ച നമുക്ക് കാണുവാന്‍ കഴിയും. കഞ്ചാവും ഹെറോയിനും എന്നുവേണ്ട എല്ലാ ലഹരിയും അവിടെ ലഭ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ലഹരി വസ്തുക്കളുടെ മൊത്തവിതരണകേന്ദ്രം കൂടിയാണ് കൊച്ചി. എന്നാല്‍ ഇന്ന് കൊച്ചി മാത്രമല്ല ലഹരിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍, എവിടെ നോക്കിയാലും ലഹരിതന്നെ.

ആദ്യകാലങ്ങളില്‍ ഒക്കെ വല്ലപ്പോഴുമൊക്കെ ആയിരുന്നു കഞ്ചാവ് എന്ന വാക്ക് പോലും കേട്ടിരുന്നത്. അത് തന്നെ പിടിക്കുന്നതാകട്ടെ ചുരുങ്ങിയ ഗ്രാം കഞ്ചാവ് മാത്രമായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ അതും അതിനൊപ്പം മാറി. ഇപ്പോള്‍ കഞ്ചാവ് എന്നത് നിത്യേന കിട്ടുന്ന ഒരു വസ്തുവായി മാറിയിരിക്കുന്നു. വല്ലപ്പോഴുമൊക്കെ എക്സൈസ് ഇത് പിടിച്ചാല്‍ കിട്ടുന്നതോ വെറും ഗ്രാം ഒന്നും അല്ല, കിലോ കണക്കിന് ആണ്. എന്നിട്ടും എന്തുകൊണ്ട് ഇവിടെ കഞ്ചാവ് വര്‍ദ്ധിക്കുന്നു എന്ന് ചോദിച്ചാല്‍ അതിനു ഇങ്ങനെ മാത്രമേ മറുപടി പറയുവാന്‍ കഴിയൂ. നമ്മുടെ നാട്ടില്‍ ഒരു ലഹരി ഉല്പന്നം പിടിച്ചെടുത്താല്‍ ആ വ്യക്തിയെ കൂടി വന്നാല്‍ ഒരു രണ്ടുമാസം ജയിലില്‍ കിടത്തും. അല്ലെങ്കില്‍ വലിയ വലിയ ആളുകള്‍ വന്നു ഇറക്കി കൊണ്ട് പോകും. അങ്ങനെ വരുമ്പോള്‍ അത് ഇവിടെ ലഹരി വില്‍പ്പന നടത്തുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്നു.

പ്രധാന ലഹരി വസ്തുക്കള്‍ കറുപ്പും കരുപ്പുല്പന്നങ്ങളും, കേന്ദ്ര നാഡീവ്യുഹ ദിപ്രസ്സന്റുകള്‍ (CNS), കൊക്കൈന്‍,അമ്ഭിറ്റമിന്‍ തുടങ്ങിയഉത്തേജക വസ്തുക്കള്‍, നിക്കോട്ടിന്‍പുകയിലതുടങ്ങിയവ, കഞ്ചാവും കഞ്ചാവുല്പ്പന്നങ്ങളും അരയില്‍ സൈക്ലോ ഹെക്‌സൈല്‍അമീനുകള്‍(arylcyclohexileamines), ഹലുസിനോജനുകള്‍, നൈട്രസ്ഓക്‌സൈഡ്, മീതൈല്‍ ഈതര്‍ തുടങ്ങിയവ മദ്യം (alcohol ) drugs ഉം sPychoactive drugsഉം -------------------------- ഇനിയും പേര് പോലും ഇടാത്ത നിരവധി ലഹരി വസ്തുക്കള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നു. 


കഞ്ചാവ്: കഞ്ചാവ് ചെടിയിൽ നിന്നുല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് കഞ്ചാവ് എന്ന പേരിന് പുറമെ ഗ്രാസ്, പുല്ല്, വീഡ്, സ്വാമി, ഗുരു, കഞ്ചൻ, സ്റ്റഫ്, മാരിജുന (marijuana) എന്നീ പേരുകളില്‍ ഒക്കെ ഈ സാധനം അറിയപ്പെടുന്നു. ഇത് ലഹരി വസ്തുവാണെങ്കില്‍ കൂടി മാനസികവിഭ്രാന്തി ഉള്ളവര്‍ക്ക് നല്‍കുന്ന മരുന്നില്‍ ചേര്‍ക്കുന്ന ഒരു ഔഷദം കൂടിയാണ്. ബെറിബെറി, മലബന്ധം, മലേരിയ, സന്ധി വാതം , ശ്രദ്ധക്കുറവ്, വിഷാദരോഗം, നിദ്രാവിഹീനത, ഛർദി തുടങ്ങിയ അവസ്ഥകൾക് പരിഹാരമായി കഞ്ചാവ് നിര്‍ദ്ദേശിക്കപ്പെട്ടതായി പുരാതന ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. മൈഗ്രേൻ, മൾടിപ്പിൾ സ്ക്ളീറോസിസ്, ആസ്ത്മ, പക്ഷാഘാതം, പാർകിൻസൺസ് അസുഖം, അൽഹൈറ്റ്മേഴ്സ് അസുഖം, അമിത മദ്യപാനം, ഉറക്കമില്ലായ്മ, ഗ്ലോക്കോമ, ഒബ്സസീസ് കമ്പൽസീവ് ഡിസോർഡർ തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നിലും കഞ്ചാവ് ചേര്‍ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കഞ്ചാവിനെക്കുറിച്ച് ഇത്രയെങ്കിലും പറഞ്ഞത് എന്താണെന്ന് വച്ചാല്‍ കഞ്ചാവ് ലഹരി വസ്തുവിനേക്കാള്‍ ഉപരി നല്ലൊരു ഔഷദമായതുകൊണ്ടാണ്. എന്ന് കരുതി ആരും കഞ്ചാവ് വലിക്കാന്‍ നില്‍ക്കരുത്. കാരണം മരുന്നുകളില്‍ കഞ്ചാവ് മാത്രമല്ല ചേര്‍ക്കുക. മറ്റുള്ള ഔഷദങ്ങളും സമം ചേര്‍ത്താണ് മരുന്നുകള്‍ ഉണ്ടാക്കുന്നത്. ---------- 

എന്തുകൊണ്ട് ലഹരിക്ക്‌ അടിമയാകുന്നു? 

ലഹരി വസ്തുക്കളെക്കുറിച്ച് എനിക്ക് വ്യക്തമായി പറയുവാന്‍ കഴിയും. എന്തെന്നാല്‍ 2002 ല്‍ ഞാന്‍ പഠിച്ചിരുന്ന കാലത്ത് ഒരുവിധം ലഹരി വസ്തുക്കള്‍ എല്ലാം തന്നെ ഞാനും ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലക്രമേണ ഞാന്‍ അതെല്ലാം നിര്‍ത്തുകയും ഒരുപാട് ആളുകളെക്കൊണ്ട് നിര്‍ത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മളൊക്കെ എന്തുകൊണ്ട് ലഹരിക്ക്‌ അടിമകള്‍ ആകുന്നു എന്നുള്ളത് വ്യക്തമായി എനിക്ക് പറയുവാന്‍ കഴിയും.

ഇനി പറയാന്‍ പോകുന്നത് എന്റെ കഥയാണ്‌. ഞാന്‍ ലഹരിക്ക്‌ അടിമയായി മാറിയ കഥ. ഇത് വായിക്കുന്നവര്‍ ഒരുപക്ഷെ ലഹരിക്ക്‌ അടിമ ആയതും ഇങ്ങനെ ഏതെങ്കിലും വഴിയില്‍ കൂടെ ആകാം. ഞാന്‍ പ്ലസ്ടുവില്‍ പഠിച്ചിരുന്ന കാലം, മുന്‍പ് പഠിച്ചിരുന്ന സ്കൂളില്‍ നിന്നും മറ്റൊരു സ്കൂളിലേക്ക് എന്നെ പറിച്ചു നട്ട കാലം. സ്വാഭാവികമായും എന്റെ പഴയ സുഹുര്തുക്കളെ എല്ലാം എനിക്ക് നഷ്ടമായി. അതുമാത്രമല്ല പഠിക്കാന്‍ പോയത് എന്റെ നാട്ടില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ ദൂരെയുള്ള ഒരു സ്കൂളിലും ആയിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് അവിടെ താമസിച്ചു പഠിക്കേണ്ടതായി വന്നു. കൂടെ ഉണ്ടായിരുന്നത് മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും വന്നിരിക്കുന്ന എനിക്ക് തീര്‍ത്തും അപരിചിതര്‍ ആയിരിക്കുന്ന വ്യക്തികള്‍. വീട് മാറി നില്‍ക്കുന്ന വിഷമം ഒന്ന്.

പിന്നെയൊന്ന് എന്റെ പഴയ സുഹുര്‍ത്തുക്കള്‍ എല്ലാം അകന്നുപോയതും. അങ്ങനെ ഈ വിഷമങ്ങള്‍ എല്ലാം മനസ്സില്‍ വച്ച് അവിടെ താമസിച്ചു വരുമ്പോള്‍ കൂടെ ഉള്ള ചങ്ങാതിമാര്‍ പാന്‍പരാഗ് വായില്‍ ഇട്ടു ചവക്കുന്നതും ഹാന്‍സ് എടുത്ത് ചുണ്ടില്‍ തിരുകുന്നതും ഞാന്‍ എന്നും കാണുമായിരുന്നു. അതുവരെ ഇതൊക്കെ കണ്ടിരുന്നെങ്കിലും ഇത് ഉപയോഗിക്കുന്നത് എങ്ങനെ എന്നത് എനിക്ക് അറിവില്ലാത്ത കാര്യമായിരുന്നു. എന്നും അവര്‍ ഇത് ഉപയോഗിക്കുകയും അതിനൊപ്പം തന്നെ സിഗരറ്റ്, മദ്യം തുടങ്ങിയവും ഉപയോഗിക്കാന്‍ തുടങ്ങി. ഇവര്‍ ഉപയോഗിക്കുമ്പോള്‍ എന്നെ എന്നും നിര്‍ബന്ധിക്കുമായിരുന്നു.

എന്നാല്‍ എനിക്ക് അന്ന് എന്റെ അച്ഛനെ പേടി ആയതുകൊണ്ട് ഞാന്‍ അവര്‍ പറയുന്നത് അത്ര കാര്യമായി എടുത്തില്ല. തുടര്‍ന്നങ്ങോട്ട് ക്ലാസ്സില്‍ വന്നിരിക്കുമ്പോള്‍ മറ്റുള്ള സുഹുര്‍ത്തുക്കളുടെ മുന്‍പില്‍ വച്ച് ഇവര്‍ എന്നെ കളിയാക്കുവാന്‍ തുടങ്ങി. സ്വാഭാവികമായും ഒരു ആണാണ് ഞാന്‍ എന്ന് തെളിയിക്കേണ്ട ബാധ്യത എനിക്ക് അപ്പോള്‍ ഉണ്ടെന്നു തോന്നി ( പിന്നീട് മനസ്സിലായി അത് ചെയ്തത് തെറ്റായിരുന്നു എന്നത് ) അങ്ങനെ അവരുടെ കളിയാക്കല്‍ ശക്തമായപ്പോള്‍ ഒന്നും നോക്കാതെ ഒരിക്കല്‍ ഞാനും എടുത്തു വലിച്ചു ഒരു സിഗരറ്റ്. ചുമച്ചു ചുമച്ചു ഞാന്‍ ഒരു വഴിക്കായി. പക്ഷെ അങ്ങനെയാണെങ്കിലും അത് വലിച്ചപ്പോള്‍ വല്ലാത്തൊരു സുഖം എനിക്ക് ലഭിച്ചു.

ആ സുഖം എന്നെ വീണ്ടും അത് വലിക്കുവാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്നങ്ങോട്ട് ഞാനും അതൊരു ശീലമാക്കി. കൂടെ പാന്‍പരാഗ്, ഹാന്‍സ്, മദ്യം അങ്ങനെ പോകുന്നു ലഹരി ഉപയോഗം. പക്ഷെ എനിക്കെന്തോ അവരുടെ കൂടെ അധികനാള്‍ അവിടെ താമസിക്കാന്‍ തോന്നിയില്ല.പിന്നെ എന്നും വീട്ടില്‍ വന്നു പോയി തുടങ്ങി. അങ്ങനെ എന്നും യാത്ര തുടങ്ങിയപ്പോള്‍ നിരവധി ആളുകളെ ബസ്സില്‍ വച്ച് പരിചയപ്പെടുവാന്‍ കഴിഞ്ഞു. യാത്രയില്‍ ബസ്സില്‍ ഇരിക്കുന്ന മറ്റ് യാത്രക്കാരില്‍ ഒരാള്‍ ഹാന്‍സ് എടുത്തു വായില്‍ വയ്ക്കുന്നത് എന്റെ അടുത്തിരിക്കുന്ന ഒരു ആള്‍ കണ്ടു. അപ്പോള്‍ ആ വ്യക്തി എന്നോട് ഇങ്ങനെ പറഞ്ഞു. "ഹും കണ്ടില്ലേ, ഓരോന്ന് എടുത്തു തിരുകുന്നത്. അഞ്ചു മിനിറ്റ് നേരത്തെ സുഖത്തിനു അവനൊക്കെ എന്തൊക്കെ രോഗങ്ങള്‍ ആണ് വരുത്തിവയ്ക്കുന്നത്." അന്ന് ആ വ്യക്തി പറഞ്ഞ വാക്കുകള്‍ എന്റെ മനസ്സില്‍ കൊണ്ട്. ആ വ്യക്തി ആരെന്നു ഇന്നും എനിക്കറിയില്ല. അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അതെ അതെ എന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും ചോദിച്ചില്ല. പക്ഷെ ഇന്ന് അദ്ദേഹം എനിക്ക് ദൈവതുല്യനാണ്.

ആ വാക്കുകള്‍ ആണ് എന്നെ ലഹരിയുടെ പിടിയില്‍ നിന്നും പിന്‍തിരിപ്പിച്ചത്. പതിനാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇന്നും ഞാന്‍ ആ വ്യക്തിയെ ഓര്‍ക്കുന്നുണ്ട്. എന്റെ ഈ കഥ, എന്റെ മാത്രം കഥയായിരിക്കില്ല. ലഹരിക്ക്‌ അടിമകളായ നൂറില്‍ തൊണ്ണൂറ് ശതമാനം ആളുകളുടെയും ആദ്യ പടി ഇങ്ങനെ ആകും.ലഹരിയുടെ ദോഷവശങ്ങള്‍ തിരിച്ചറിയപ്പെടാന്‍ കഴിയാത്ത പ്രായത്തില്‍ തന്നെ ലഹരിക്ക് അടിമപ്പെടുന്നവരാണ് ഇന്നത്തെ തലമുറ.

ചെറുപ്പക്കാരില്‍ ലഹരിയുടെ ഉപയോഗത്തിന്റെ തുടക്കം പലപ്പോഴും കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയായിരിക്കും.അതോടൊപ്പം ലഹരി എന്താണെന്നു തിരിച്ചറിയാനുള്ള ജിജ്ഞാസയും യുവാക്കളെ ലഹരികള്‍ക്കു അടിമയാക്കുന്നു. കുട്ടിക്കാലം മുതല്‍ വീട്ടിലുള്ള മുതിര്‍ന്നവരുടെ മദ്യപാനവും പുകവലിയും കണ്ടു വളര്‍ന്ന കുട്ടികള്‍ ഒരു പ്രായമെത്തുമ്പോള്‍ അത് അനുകരിക്കാന്‍ ശ്രമിക്കും.അച്ഛനെയോ വീട്ടിലുള്ള മറ്റു മുതിര്‍ന്നവരെയോ കണ്ടു പഠിക്കുന്ന കുട്ടികളുടെ മനസില്‍ ഒരു പ്രായം കഴിയുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് ആകാമെങ്കില്‍ തനിക്ക് ഉപയോഗിച്ചാലെന്താണ് എന്ന ചിന്ത ഉടലെടുക്കും. അങ്ങനെ ചെറിയ പ്രായത്തില്‍ തന്നെ അവര്‍ ലഹരിക്കു പിന്നാലെ പോകുന്നു.

ലഹരിയുടെ ഉപയോഗത്തിലൂടെ ലഭിക്കുന്ന താല്‍ക്കാലിക ആനന്ദം പിന്നീട് ഇവരെ ലഹരിക്ക് അടിമയാക്കുന്നു. ഓരോ ദിവസം കഴിയുമ്പോഴും ലഹരിയുടെ ഉപയോഗവും കൂടുന്നു.ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാരില്‍ എഴുപതു ശതമാനവും പതിനഞ്ചു വയസിനു താഴെയാണ്. ഇന്ന് 5 ക്ലാസ് മുതല്‍ ഉള്ള കുട്ടികളെ എടുത്തു മര്യാദയ്ക്ക് ഒന്ന് പരിശോധിച്ചാല്‍ നമ്മള്‍ ഞെട്ടിപ്പോകും. 

കുഞ്ഞു മക്കള്‍ ലഹരിക്ക്‌ വേണ്ടി തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഫെവിസ്റ്റിക്ക് പോലുള്ള പശ വാങ്ങിയിട്ട് നല്ലൊരു കവറില്‍ ആക്കും അല്ലെങ്കില്‍ ഒരു തുണിയില്‍ ആക്കും എന്നിട്ട് വലിച്ചു കയറ്റുക...... സംഗതി 5 രൂപയെ അതിനു ചിലവ് വരൂ, പക്ഷെ ലഹരിയില്‍ മുന്‍പന്തിയില്‍ നില്‍ക്കും സ്വാഭാവികമായും ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കും ഞാന്‍ ഇത് ചെയ്തിട്ടുണ്ട് എന്ന്, എന്നാല്‍ ഇല്ല, ഞാന്‍ ഒരു ഷോപ്പില്‍ അല്‍പകാലം സെയില്‍സ് മാന്‍ ആയി ജോലി ചെയ്തപ്പോള്‍ അവിടെ കുഞ്ഞു മക്കള്‍ വന്നു ഇത് സ്ഥിരമായി വാങ്ങുമായിരുന്നു. അങ്ങനെയാണ് ആ കടയുടമയോട് ഞാന്‍ അന്വേഷിച്ചതും ഇതിന്റെ ഉപയോഗം മനസ്സിലാക്കുകയും ചെയ്തത്. അതിനുശേഷം ഞാന്‍ ആ ഷോപ്പില്‍ നിന്നും പോരുന്നത് വരെ ഒരു കുട്ടിക്ക് പോലും ആ സാധനം നല്‍കിയിട്ടില്ല.

നമ്മുടെ കച്ചവടലാഭത്തിനു വേണ്ടി നമ്മള്‍ ഇത്തരത്തില്‍ ഉള്ള പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ നമ്മളൊക്കെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, ഈ കുട്ടികള്‍ മതി നാളെ നമ്മുടെ മക്കളും ലഹരിക്ക്‌ അടിമകള്‍ ആകുവാന്‍ എന്ന സത്യം. ആദ്യ കാലങ്ങളില്‍ പെണ്‍കുട്ടികള്‍ ലഹരി വസ്തുക്കളുടെ പുറകെ പോയിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി അങ്ങനെ അല്ല. പല സ്കൂളുകളിലും കോളേജുകളിലും ഉള്ള പെണ്‍കുട്ടികള്‍ പലരും തന്നെ ഏതെങ്കിലും ഒരു ലഹരിക്ക്‌ അടിമയാകുന്ന കാഴ്ചയാണ് കാണുന്നത്. പലപ്പോഴും ഇവര്‍ ലഹരിക്ക്‌ അടിമയായ കാര്യം വീട്ടുകാര്‍ അറിയുന്നത് വളരെ വൈകിയാകും. അപ്പോഴേക്കും കുട്ടികളെ ആ നിലയില്‍ നിന്നും രക്ഷിച്ചെടുക്കുക തന്നെ പ്രയാസമുള്ള കാര്യമായി മാറിയിട്ടുണ്ടാകും.

 പെണ്‍കുട്ടികള്‍ എങ്ങനെ ലഹരിക്ക്‌ അടിമകള്‍ ആകുന്നു? എല്ലാവര്ക്കും സംശയം ഉള്ള ഒരു കാര്യമാണ് എങ്ങനെയാണ് പെണ്‍കുട്ടികളും ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമകള്‍ ആകുന്നത് എന്ന്. പലരും പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളുകളില്‍ കൊണ്ട് ചെന്ന് ചേര്‍ക്കും എന്നാലും അവരൊക്കെ ലഹരിക്ക്‌ അടിമയാകുന്നു. ഇതെന്തൊരു മായാജാലം എന്ന് ചിന്തിച്ചിരിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ ഒന്ന് വേറെ രീതിയില്‍ ചിന്തിച്ചു നോക്കുക. 

ഈ പറയുന്നതും കഥയല്ല, എന്റെ നാട്ടില്‍ നടന്ന ഒരു സംഭവം മാത്രം. ആ കുട്ടി പഠിക്കുന്നത് അറിയപ്പെടുന്ന ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്കൂളില്‍ ആണ്. ആ കുട്ടിയുടെ വയസ്സ് ഇപ്പോള്‍ പതിനാറ്. ആ കുട്ടി ഇന്ന് ഗര്‍ഭിണി കൂടി ആണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ ഈ കുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ആ പ്രണയം എങ്ങനെ വന്നു എന്ന് കൂടി നിങ്ങള്‍ അറിയുക. ഈ കുട്ടിക്ക് വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കുട്ടിയുടെ അമ്മയുടെ ഫോണില്‍ വാട്സ്ആപ്പ് ഉണ്ടായിരുന്നു. ഒരിക്കല്‍ ഈ വാട്സ്ആപ്പിലേക്ക് ഒരു ഹായ് മെസ്സേജ് വന്നു. കുട്ടി അമ്മയുടെ പരിചയക്കാര്‍ ആരെങ്കിലും ആകും എന്ന് കരുതി തിരിച്ചു മറുപടിയും നല്‍കി. എന്നാല്‍ കാര്യങ്ങള്‍ അവസാനം കൈവിട്ടു പോയി. 

എതിര്‍ ഭാഗത്ത് നില്‍ക്കുന്ന വ്യക്തിക്ക് അമ്മയുമായി യാതൊരു ബന്ധവുമില്ല എന്ന് വൈകിയാണ് കുട്ടിക്ക് മനസ്സിലായത്. കുട്ടിക്ക് ഇങ്ങനെ ഒരു പണി കൊടുത്തത് കൂട്ടുകാരികള്‍ തന്നെ. ഈ കുട്ടിയെ എന്നും ശ്രദ്ധിച്ചിരുന്ന ഒരു പയ്യന്‍, ഇവളുടെ കൂട്ടുകാരികളുമായി അടുപ്പം ഉണ്ടാക്കി. എന്നിട്ട് അവളുടെ അമ്മയുടെ നമ്പര്‍ വാങ്ങി ചാറ്റിംഗ് തുടങ്ങിയതായിരുന്നു. അങ്ങനെയൊക്കെ ആണെങ്കിലും അവസാനം ഈ കുട്ടി ആ പയ്യന്റെ കെണിയില്‍ വീണു.( മക്കള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കുന്നുവെങ്കില്‍ അമ്മമാരും അച്ചന്മാരും ഒക്കെ ഒന്ന് നോക്കുന്നത് നന്നാകും ) ഇനി എങ്ങനെ ഈ കുട്ടി ഗര്‍ഭിണി വരെ ആയി എന്നത് നോക്കാം. ഈ കുട്ടിയുമായി പ്രണയത്തിലായ പയ്യന്‍ എല്ലാ ലഹരി വസ്തുക്കളും ഉപയോഗിക്കുന്ന വ്യക്തിയായിരുന്നു. എന്നും ഈ ലഹരിയുടെ കാര്യങ്ങള്‍ അവന്‍ ഇവളോട്‌ പറയുകയും ചെയ്തിരുന്നു. അവന്‍ ലഹരി എന്നല്ലായിരുന്നു പറഞ്ഞിരുന്നത്.

 അത് ഭംഗി കൂട്ടുവാന്‍ ഉള്ള ഒരു ഗുളികയാണ്, അതുകൊണ്ടാണ് ഞാന്‍ അത് ദിവസവും ഉപയോഗിക്കുന്നത് എന്ന്. ഹോമിയോ മരുന്ന് ആയതുകൊണ്ട് അതിനു യാതൊരു ദോഷവും ഇല്ല എന്നും അവന്‍ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഈ കുട്ടി വലിയ ഭംഗി ഒന്നും ഇല്ലെങ്കിലും ആ കള്ളകാമുകന്റെ വാക്കുകള്‍ വിശ്വസിച്ച് ഗുളിക തനിക്കും വേണം എന്ന് ആവശ്യപ്പെട്ടു. കാമുകന്‍ കിട്ടിയ അവസരത്തില്‍ ആ ഗുളികകള്‍ അവള്‍ക്ക് കൈമാറുകയും ചെയ്തു. (ഈ ഗുളികയുടെ പേര് എന്താണെന്ന് എനിക്ക് അറിയില്ല, പക്ഷെ ഒന്നറിയാം ഇത് ഉപയോഗിച്ചാല്‍ ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല.) എന്തായാലും ആ കുട്ടി ആ ഗുളിക സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങി. 

പക്ഷെ ഗുളികകള്‍ക്ക് നല്ല വില ആയതുകൊണ്ട് കാമുകന്‍ കുറേശ്ശെ മാത്രം അവള്‍ക്ക് കൊടുക്കുവാന്‍ തുടങ്ങി. അതോടെ അവള്‍ മറ്റൊരു കുട്ടിയായി മാറി. തനിക്ക് ആ ഗുളികകള്‍ എന്നും വേണം എന്ന് വാശി പിടിച്ചപ്പോള്‍ കാമുകന്‍ പറഞ്ഞ സ്ഥലത്ത് അവള്‍ പോയി.കൂടെ കാമുകനും. ഗുളികകള്‍ക്ക് വേണ്ടി പണം കൊടുക്കാന്‍ അവളില്‍ ഇല്ലായിരുന്നു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ടത് കൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നു. അങ്ങനെ അവള്‍ ഗുളികകള്‍ കിട്ടുവാന്‍ വേണ്ടി ആ സംഘത്തിന് മുന്നില്‍ കിടന്നുകൊടുക്കേണ്ടി വന്നു. വരുംവരായ്കകള്‍ നോക്കാതെ അന്ന് അങ്ങനെ ചെയ്തു പോയതുകൊണ്ട് ഇന്ന് മാനസികമായി ആകെ തളര്‍ന്നിരിക്കുന്ന കുട്ടിയെയാണ് കാണുവാന്‍ കഴിയുന്നത്. കാമുകനും പാര്‍ട്ടിയും ജയിലിലും കഴിയുന്നു. 

 ഇത് വായിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഏകദേശം മനസ്സിലായിക്കാണും പെണ്‍കുട്ടികള്‍ എങ്ങനെ ലഹരിയുടെ അടിമകള്‍ ആയി മാറുന്നു എന്നത്. നിങ്ങളുടെ വീട്ടില്‍ പെണ്മക്കള്‍ ഉണ്ടെങ്കില്‍ ആദ്യമേ തന്നെ അവര്‍ക്ക് ലഹരി വസ്തുക്കളുടെ ദോഷങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക, അല്ലെങ്കില്‍ ഇത്തരത്തില്‍ ഉള്ള സംഘത്തില്‍ നിങ്ങളുടെ മക്കളും അകപ്പെട്ടുപോകും.കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ലൈംഗികാതിക്രമ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീപീഡനങ്ങള്‍ നാനൂറിരട്ടി വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ പകുതിയിലേറെയും ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടായിട്ടുള്ളവയാണ്.

 വീട്ടില്‍ ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്തിനുശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. നന്മയുടെയും സംസ്‌കാരത്തിന്റെയും മാതൃകയായിരുന്ന നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അക്രമങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ്.ലഹരിയുടെ അമിത ഉപയോഗം മൂലം മനുഷ്യത്വമില്ലാത്ത പ്രവൃത്തികളും പ്രകൃതിയോടും മനുഷ്യരോടുമുള്ള ചൂഷണങ്ങളും അതിരുകടക്കുകയാണ്. ഓരോ കൊലപാതകങ്ങളും പീഡനങ്ങളും സംഭവിക്കുമ്പോള്‍ മാത്രം പ്രതികരിക്കുന്ന സംസ്‌ക്കാരത്തിലേക്കാണ് നമ്മുടെ നാടിന്റെ പോക്ക്.

 ലഹരിയുടെ അമിത ഉപയോഗം ഓരോ വ്യക്തിയെയും തെറ്റുകളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ലൈംഗികാതിക്രമ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീപീഡനങ്ങള്‍ നാനൂറിരട്ടി വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇതില്‍ പകുതിയിലേറെയും ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടായിട്ടുള്ളവയാണ്. പ്രായഭേദമന്യേ ലഹരിയുടെ ഉപയോഗം എല്ലാത്തരം ആളുകളിലും വര്‍ധിച്ചതും അക്രമങ്ങളുടെ എണ്ണം കൂട്ടുന്നു.

മയക്കുമരുന്നുമായി പിടികൂടുന്നവരില്‍ 90 ശതമാനത്തോളം പേര്‍ വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും ലഹരി കൈമാറുന്നവരാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കഞ്ചാവ് വാങ്ങാനെത്തുന്ന വിദ്യാര്‍ഥികളില്‍ പലരെയും മയക്കുമരുന്ന് ലോബി പിന്നീട് വില്‍പ്പനക്കാരായും ഉപയോഗപ്പെടുത്തുന്നുണ്ട്. വിമോചന മാര്‍ഗങ്ങള്‍ ഈ ഒരു ഊരാക്കുടുക്കില്‍ നിന്നും രക്ഷ പെടണമെന്ന് വളരെ പേര്‍ ആഗ്രഹിക്കുന്നുണ്ടാകും. ചിലരക്ക് അത് സാധിക്കുന്നു. ചിലര്‍ ആത്മാര്‍ഥമായി ആഗ്രഹിക്കതവരാകുമ്പോള്‍ തുടരുന്നു. സമൂഹവും വ്യക്തിയും ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ആര്‍ക്കും രക്ഷപ്പെടുവാന്‍ കഴിയും.

അതാണ്‌ ഞാന്‍ എന്റെ കഥ തന്നെ തുടക്കത്തില്‍ പറഞ്ഞത്. alcoholic anonymous , narcotic anonimous മുതലായ സന്നദ്ധ സങ്കടനകള്‍ വഴിയും ആര്‍ക്കും രക്ഷപ്പെടാന്‍ പറ്റും. ചുരുക്കത്തില്‍ ലഹരികളില്‍ നിന്നും മോചനം വേണമെന്നുള്ള മനസ്സിന്റെ ആത്മാര്‍ഥമായ ആഗ്രഹമാണ് ആദ്യം വേണ്ടത്. അതില്ലാതെ നിങ്ങള്‍ ഏതു ധ്യാനകേന്ദ്രത്തിലോ അല്ലെങ്കില്‍ പ്രാര്‍ഥനയില്‍ മുഴുകിയിട്ടോ കാര്യമില്ല. നിങ്ങള്‍ക്ക് അതിന്റെ ഫലം ലഭിക്കില്ല. ചിലര്‍ മറ്റുള്ളവര്‍ക് മുന്നില്‍ കൂടുതല്‍ വിധേയത്തം പുലര്‍ത്തുന്നു. ഒരു പെഗ്ഗ് ഓഫര്‍ ചെയ്താല്‍ ‘നോ’ എന്ന് പറയാനുള്ള ഗട്‌സ് ഉണ്ടാകണം. അടിമയായ ഒരുവന്‍ ചികിത്സക്ക് പോയാല്‍ ആ ചികിത്സയും BP , പ്രമേഹ ചികിത്സ പോലെ ജീവിതകാലം മുഴുവന്‍ നീണ്ടു നില്കും നമ്മുടെ സമൂഹം നന്നാകണമെങ്കില്‍ വ്യക്തികള്‍ തന്നെ പരിശ്രമിക്കണം.

അവന്‍ അങ്ങിനെയല്ലേ ഇവന്‍ ഇങ്ങിനെയല്ലേ എന്ന് നമ്മള്‍ ചിന്തിക്കുന്നതിനുമുമ്പ് നമ്മള്‍ ശരിയാണോ എന്ന് ചിന്തിച്ചാല്‍ നാമെന്ന സമൂഹത്തിന്റെ ഭാഗം നന്നാകുകകയും ക്രമേണ സമൂഹവും നന്നാകും.അല്ലാതെ മദ്യനയം കൊണ്ട് വന്നതുകൊണ്ട് എല്ലാ ബാറുകള്‍ പൂട്ടിയതുകൊണ്ടോ നാട് നന്നാവില്ല.മാറേണ്ടത് നമ്മളാണ്. ഒരു മദ്യ വിമുക്ത ലഹരി വിമുക്ത നല്ലൊരു നാടിനു വേണ്ടി , ജനങ്ങളെ ബോധവാന്മാരാക്കാന്‍ നമ്മളാല്‍ ആകുന്ന വിധം നമുക്ക് പരിശ്രമിക്കാം.

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍

No comments

Powered by Blogger.