ലഹരിയിൽ മുങ്ങുന്ന കേരളം (ഭാഗം 2 )
ഈ അടുത്ത കാലത്ത് നമ്മൾ സ്ഥിരമായി കേൾക്കുന്ന വാർത്തകളിൽ ഒന്നാണ് ലഹരിക്ക് അടിമയായ വ്യക്തി ആളുകളെ കൊല്ലുന്നത്. അതിൽ ഏറ്റവും പുതിയ വാർത്തയാണ് കോഴിക്കോട് ജില്ലയിലെ പുതുപ്പാടി എന്ന സ്ഥലത്ത് നടന്നത്, സ്വന്തം ഉമ്മയെ വെട്ടിക്കൊന്നു. കേരളം മുഴുവനും ഞെട്ടിയ വാർത്ത. വാർത്ത ആദ്യം കണ്ടപ്പോൾ ഞാൻ കരുതിയത് അധികം പ്രായം ഉള്ള ആരെങ്കിലും സ്വത്ത് കിട്ടാൻ വേണ്ടി വെട്ടി കൊന്നത് ആവും എന്നായിരുന്നു, എന്നാൽ വാർത്ത വായിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി. വെറും 25 വയസ്സ് മാത്രം പ്രായമുള്ള മകൻ, ആ മകനും ഉമ്മയും ഉള്ള ഫോട്ടോ കണ്ടാൽ അറിയാം അവർ അത്രമാത്രം സ്നേഹത്തിൽ ആയിരുന്നു എന്നത്. പിന്നെ എങ്ങനെ ഇങ്ങനെ ആയി എന്ന് നമ്മൾ എല്ലാവരും ചിന്തിക്കേണ്ടത് ആയിട്ടുണ്ട്.
ഭീകരമായ ലഹരിയുടെ പിടിയിൽ അകപ്പെട്ടു പോയ മകൻ, അവനെ ബാംഗ്ലൂരിലെ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ട് വിട്ടെങ്കിലും വലിയ മാറ്റങ്ങൾ ഉണ്ടായില്ല, അവനാണ് തിരികെ വന്നിട്ട് തന്റെ സ്നേഹനിധിയായ പെറ്റുമ്മയെ ഒരു ദയ പോലും കാണിക്കാതെ വെട്ടി കൊന്നത്. ശരിക്കും ഓരോ നിമിഷവും നമ്മളെല്ലാം ഭയപ്പെട്ട് ജീവിക്കേണ്ട അവസ്ഥയിലേക്കു ആണ് കാര്യങ്ങൾ പോകുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപാണ് എന്റെ നാട്ടിൽ അച്ഛന്റെ ഒരു സുഹ്ത്തിന്റെ മകൻ ഇതുപോലെ ലഹരിക്ക് അടിമയായി അദ്ദേഹത്തെ ചവിട്ടി കൊന്നത്, ചെക്കൻ ഇപ്പോൾ ജയിലിൽ ആണ്, എന്നെ അത്ഭുതപ്പെടുത്തിയ കാര്യം എന്താണെന്ന് വച്ചാൽ അത്രമാത്രം വിദ്യാഭ്യാസം ഉള്ള ആളുകൾ ആണ് ഇന്ന് ഈ ലഹരിയുടെ പിന്നാലെ പോകുന്നത് എന്നതാണ്.
എന്റെ ഒക്കെ സ്‌കൂൾ കാലഘട്ടത്തിൽ ഏറ്റവും വലിയ ലഹരിയായി കണ്ടത് പാൻ പരാഗ്, ഹാൻസ്, മധു, ചൈനി ഖൈനി, പിന്നെ ഇച്ചിരി മദ്യവും.കഞ്ചാവ് ഉണ്ടെങ്കിലും അത് അങ്ങനെ കിട്ടുക ഇല്ല… എന്നാൽ കാലം മാറിയപ്പോൾ എല്ലാം മാറി, ഇന്നത്തെ പിള്ളേർക്ക് ഒന്നും ഈ പറയുന്നത് ഒന്നും തന്നെ ആവശ്യം ഇല്ല. അതുക്കും വലുത് ആണ് എല്ലാവരും ഉപയോഗിക്കുന്നത്. ഇന്നത്തെ കേരളത്തിന്റെ പ്രധാന ലഹരിയിൽ ഒന്ന് MDMA എന്നതാണ്. തൊട്ട് പിറകെ കഞ്ചാവ്.
മെത്തലീൻ ഡയോക്സി മെത് ആംഫീറ്റമിൻ എന്ന MDMA, ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ കുറെ നേരം ലഹരി കിട്ടും എന്നതാണ് പ്രത്യേകത, കൂടുതൽ നിശാ പാർട്ടികളിൽ ആണ് ഉപയോഗിക്കുന്നത്, അവിടെ നിന്നുള്ള ഉപയോഗമാണ് പിന്നീട് ഇതിന് അടിമയാകുന്നു അവസ്ഥയിലേക്ക് ആളുകളെ മാറ്റുന്നത്.
ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കുമെങ്കിലും ഇതൊന്നും ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ച ഒരു പ്രശ്നമേ അല്ല. ഏറ്റവും വലിയ കാര്യം എന്താണെന്ന് വച്ചാൽ ഒരു കാലത്ത് പെൺകുട്ടികൾ ഒക്കെ ലഹരിയുടെ ഏഴയലത്ത് വരാറില്ലായിരുന്നു, എന്നാൽ ഇന്ന് ഈ സാധനങ്ങളുടെ പ്രധാനപ്പെട്ട വിതരണക്കാർ പെൺകുട്ടികൾ തന്നെയാണ്. വിതരണക്കാർ മാത്രമല്ല കസ്റ്റമറും ഇവരൊക്കെ തന്നെയാണ്.
ഇന്നത്തെ കാലഘത്തിൽ ലഹരി ഉപയോഗിക്കാത്തത് ഒരു മോശം കാര്യം പോലെയാണ് പലരും ചിന്തിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. കാരണം ഞാൻ ലഹരി ഉപയോഗിക്കില്ല എന്ന് പറയുമ്പോൾ എന്നോട് പലരും പറഞ്ഞിട്ടുണ്ട്, നിങ്ങള് തന്ത വൈബ് ആണല്ലേ എന്നത്, അവരോട് ഞാൻ പറയുന്ന ഡയലോഗ് ഉണ്ട്, നിങ്ങള് ട്രൗസറിൽ മുള്ളി നടക്കുന്ന സമയത്ത് നമ്മൾക്ക് തിരിച്ചറിവ് വന്നത് കൊണ്ട് അതൊക്കെ നിർത്തിയത് ആണ് എന്നത്.
ഈ അടുത്ത ദിവസം ഒരു ഡോക്ടർ പറയുന്ന കാര്യം കേട്ടു , 18 , 19 വയസ്സുള്ള നിരവധി പെൺകുട്ടികൾ അബോര്ഷന് ചെയ്യാൻ വരുന്നു എന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണം ഇതുപോലെ ലഹരിക്ക് അടിമയായി ആർക്കൊക്കെയോ വേണ്ടി കിടന്നു കൊടുക്കേണ്ടി വന്നു എന്നതാണ്.
നമ്മൾ കരുതും നമ്മുടെ കുട്ടികൾ സുരക്ഷിതർ ആണെന്ന്, എന്നാൽ ഒരിക്കലും അവർ സുരക്ഷിതർ അല്ല എന്ന തിരിച്ചറിവ് മാതാപിതാക്കൾക്ക് വേണം, നിങ്ങളുടെ കുട്ടികൾ എത്ര വലുതായാലും നല്ല രീതിയിൽ നിങ്ങള് ശ്രദ്ധിച്ചില്ലെങ്കിൽ അവർ ലഹരിയുടെ കുഴിയിൽ വീണു പോയേക്കാം, അത് ആൺ പെൺ വ്യത്യാസം ഇല്ലാതെ.
എന്തുകൊണ്ട് യുവതി യുവാക്കൾ ഇന്ന് ലഹരി വിൽപ്പനയുടെ ഭാഗമായി മാറുന്നു?
അതിന് ഒരു ഉത്തരം മാത്രം, അവരുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി, അല്ലെങ്കിൽ കിട്ടുന്ന ജോലിക്ക് ശമ്പളം ഇല്ല. അപ്പോൾ പിന്നെ വലിയ ബുദ്ധിമുട്ട് ഇല്ലാതെ എന്നാൽ ആളുകൾ തേടി വരുന്ന ഒരു സാധനം വിൽക്കുമ്പോൾ അതിന് അവരുടെ സ്വപ്‌നങ്ങൾ നിറവേറ്റാൻ പറ്റുന്ന വരുമാനം കിട്ടും എന്നതാണ് അവരെ അതിലേക്ക് പ്രധാനമായും ആകർഷിക്കുന്നത്. മാത്രമല്ല അവർക്കും സുഖം ലഭിക്കും. പക്ഷെ ഇങ്ങനെ പോയാൽ വരുന്ന 5 വർഷങ്ങൾക്ക് അപ്പുറം നമ്മുടെ കേരളത്തെ ലഹരി മാഫിയ വിഴുങ്ങും.
കഴിഞ്ഞ ദിവസം കണ്ട മറ്റൊരു വാർത്ത വീടിനടുത്ത് ലഹരി കച്ചവടം നടത്തുന്നത് വിളിച്ചു പറഞ്ഞു കൊടുത്ത ആളെയും കുടുംബത്തെയും ലഹരി മാഫിയ ആക്രമിച്ചു എന്നതാണ്. അവിടെ നമ്മൾ മനസ്സിലാക്കണം പോലീസുകാരിലും ഒറ്റു കൊടുക്കുന്ന ആളുകൾ ഉണ്ട്, അല്ലെങ്കിൽ അവരിലും കച്ചവടക്കാർ ഉണ്ട് എന്നത്. അതുകൊണ്ടാണല്ലോ രഹസ്യമായി പറയുന്ന കാര്യങ്ങൾ പോലും ജനം അറിയുന്നത്.
എന്ത് തന്നെ ആയാലും ഇനി ഞാനും നിങ്ങളുമൊക്കെ ലഹരിക്കെതിരെ ശബ്ദം ഉയർത്തിയില്ല എങ്കിൽ എന്റെയും നിങ്ങളുടെയും ഒക്കെ കുടുംബത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായേക്കാം അപ്പോൾ വെറുതെ നെഞ്ചത്ത് അടിച്ചു കരഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് ലഹരിക്ക് എതിരെ പറ്റുന്ന രീതിയിൽ നമ്മളാൽ കഴിയുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുക, ലഹരി മുക്ത കേരളം എന്നത് നമുക്ക് ഒരുമിച്ച് നേടി എടുക്കണം… പറ്റുന്ന ക്യാമ്പുകളിൽ എല്ലാം ലഹരിക്ക് എതിരെ ഒരു ക്ലാസ് എങ്കിലും സങ്കടിപ്പിക്കുക, നമ്മുടെ യുവത്വത്തെ ഇനിയും വിട്ടു കൊടുത്തുകൂടാ ലഹരി മാഫിയയ്ക്ക് പന്താടുവാൻ….
മുൻപ് എഴുതിയത് വായിക്കുവാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Comment