ഒരു കാര്യം ഓർക്കുക മക്കളാരും സുരക്ഷിതർ അല്ല
ഈയടുത്ത് രണ്ട് സിനിമകൾ OTT വഴി കണ്ടു. 1 – ജോജു രചന സംവിധാനം നിർവഹിച്ച പണി. 2 – ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്. ഈ ചിത്രത്തെ കുറിച്ച് പ്രത്യേകിച്ച് അഭിപ്രായം ഒന്നും തന്നെ ഇല്ല… ലാഗ് അടിപ്പിച്ചു ബാക്കിയുള്ളവരെ വെറുപ്പിച്ചു കളഞ്ഞു. ഒരു പക്ഷെ ഈ സിനിമ അമൽ നീരദ് ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി പോയി. പിന്നെ പണി സിനിമയെക്കുറിച്ച് ഒരു രക്ഷയുമില്ല അടിപൊളി സംവിധാനം, പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വില്ലന്മാരെ തന്നെ, ഒപ്പം വാറന്റ് ഡേവി …വേറെ ലെവൽ… പക്ഷെ ഞാൻ രണ്ട് സിനിമയിലും നോട്ട് ചെയ്ത ഒരു കാര്യം ഉണ്ട്.
രണ്ടു സിനിമയിലും ന്യൂ ജനറേഷൻ കമിതാക്കളെ കാണിക്കുന്നു. റൈഫിൾ ക്ലബ് സിനിമയിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച കഥാപാത്രം അവരോട് ചോദിക്കുന്നുണ്ട്, എത്ര നാളായി പരിചയം എന്ന്…. അപ്പോൾ അവർ പറയുന്ന മറുപടി , ഒരു മൂന്ന് അല്ല നാല് ദിവസം……ഇത് അവിടെ നിക്കട്ടെ…. ഇനി പണി സിനിമയിലേക്ക് വരാം, അവിടെ പോലീസ് സ്റ്റേഷനിൽ നിന്നും ചോദിക്കുന്നു,
നിങ്ങൾ തമ്മിലുള്ള ബന്ധം?
വീ ആർ ഇൻ ലവ്….
എത്ര നാളായി?
ത്രീ വീക്ക്‌സ് …
അല്ല ഫോർ വീക്സ്…..
ഇനി കാര്യത്തിലേക്ക് വരാം, ഈ രണ്ടു സിനിമയിലും ന്യൂ ജനറേഷൻ പ്രണയമാണ് കാണിക്കാൻ ശ്രമിച്ചത് എന്ന് വ്യക്തം. മൂന്നും നാലും ദിവസമാകുമ്പോഴേക്കും പ്രണയത്തിൽ ആവുന്നു, പിന്നെ തോന്നിയത് പോലെ ആണ് കാര്യങ്ങൾ…. പക്ഷെ പണി സിനിമയിൽ എന്നെ അത്ഭുതപ്പെടുത്തിയത് എന്താണെന്ന് വച്ചാൽ വെറും 4 ആഴ്ച മാത്രം ബന്ധമുള്ളവർ പബ്ലിക്ക് ടോയ്‌ലറ്റിലും ആളൊഴിഞ്ഞ പറമ്പിൽ ഉള്ള ഉപയോഗിക്കാത്ത വീട്ടിലും പോയി കാമം തീർക്കുന്ന പ്രണയിതാക്കൾ…. ശരിക്കും ഞെട്ടി പോയത് ആണ് അത്.
“””തെണ്ടിത്തരം കാണിക്കുന്നോടാ ചെറ്റേ””” എന്ന് കലിപ്പന്റെ കാന്താരി
ഇത് വായിക്കുമ്പോൾ നിങ്ങൾ ഒരുപക്ഷെ പറയുമായിരിക്കും, അതൊക്കെ സിനിമയല്ലേ അത് അങ്ങനെ കണ്ടാൽ മതി എന്ന്, എന്നാൽ ഞാൻ കഴിഞ്ഞ ദിവസം ഒരു വനിത ഗൈനക്കോളജിസ്റ്റ് അവർ ഒരു ഇന്റർവ്യൂ നടത്തിയതിൽ പറയുന്നു, ഇപ്പോൾ 18,19 വയസ്സുള്ള നിരവധി പെൺകുട്ടികൾ അബോർഷൻ ചെയ്യാൻ വരുന്നു എന്നത്…
9 ആം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയുടെ കട്ടിലിനടിയിൽ നിന്നും രാത്രി 3 മണിക്ക് 16 വയസ്സുള്ള ആൺകുട്ടിയെ വീട്ടുകാർ പൊക്കിയത് ഈ അടുത്ത കാലത്താണ് എന്നത് നമ്മൾ ഓർക്കണം. രണ്ടു നില ഉള്ള വീടുകളിൽ പെൺകുട്ടികൾ മുകളിലത്തെ നിലയിൽ ആണ് കിടക്കുന്നത് എങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്, ഇല്ലെങ്കിൽ നാളെ അവരും ചിലപ്പോൾ അബോർഷൻ ചെയ്യാൻ വേണ്ടി ഏതെങ്കിലും ഡോക്ടറെ തേടി പോകും, ഈ കാലഘട്ടം അത്രമാത്രം മോശമായി കൊണ്ടിരിക്കുകയാണ്.
അതുപോലെ തന്നെയാണ് പണി സിനിമയിൽ ഗുണ്ടകൾ ആയി മാറുന്ന യുവത്വത്തെ കാണിച്ചത്. വാറണ്ട് ഡേവിയുടെ വീട്ടിൽ കയറി വളരെ സിമ്പിൾ ആയിട്ട് അയാളെയും കൂട്ടാളിയെയും കൊന്നു കളഞ്ഞപ്പോൾ പലരും റിവ്യൂ പറഞ്ഞത് കണ്ടു, അത് ഒഴിവാക്കാമായിരുന്നു, അത് ഒരിക്കലും നടക്കുന്നത് അല്ല എന്ന്. എന്നാൽ കഴിഞ്ഞ ദിവസം പ്രശസ്ത സിനിമ താരം സേഫ് അലി ഖാന്റെ വീട്ടിൽ കള്ളൻ കയറുകയും അദ്ദേഹത്തെ കുത്തുകയും ചെയ്തു എന്ന വാർത്ത കണ്ടപ്പോൾ ഇതെല്ലാം എവിടെയാണെങ്കിലും നടക്കും എന്ന് മനസ്സിലായി. പക്ഷെ പണി സിനിമയിൽ വളരെ ചെറിയ പയ്യന്മാരെ പോലും ഗുണ്ടകൾ ആക്കിയപ്പോൾ അതിശയം തോന്നിയില്ല കാരണം,
ഇന്നലെ നമ്മൾ ഒരു വാർത്ത കണ്ടു, തന്റെ പിടിച്ചു വച്ച ഫോൺ തിരികെ നൽകാതെ വന്നപ്പോൾ സ്വന്തം അധ്യാപകനെ പുറത്തിറങ്ങിയാൽ തീർത്ത് കളയും എന്ന് പറയുന്നത്.ആ കുട്ടിയെ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ആ മകൻ കാണുന്നത് ഇത്തരം സിനിമകൾ ആയിരിക്കും. അവനെ നല്ലത് പറഞ്ഞു കൊടുത്തു നമുക്ക് നന്നാക്കി എടുക്കാം, അത്തരം വീഡിയോകൾ ഷെയർ ചെയ്യുന്നത് നമുക്ക് ഒഴിവാക്കാം
ഈ അടുത്ത് വന്ന ആവേശം സിനിമയിലും പുഷ്പയിലും, KGF ലും, പണിയിലും അങ്ങനെ ഒരുവിധപ്പെട്ട സിനിമകളിൽ ഒക്കെയും എങ്ങനെയും പണം ഉണ്ടാക്കുക, അത് ഗുണ്ട ആയാലും കുഴപ്പമില്ല ചന്ദന കച്ചവടക്കാരൻ ആയാലും കുഴപ്പമില്ല, കള്ളക്കടത്ത് നടത്തിയാലും പ്രശ്നമില്ല, പണം അതാണ് മുഖ്യം.അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലക്കി ഭാസ്കർ…..
പണം വേണം എന്നത് സത്യം തന്നെ, പക്ഷെ അത് നേരായ വഴിയിലായിരിക്കണം നേടേണ്ടത്, സിനിമ എന്താണെങ്കിലും ന്യൂ ജനറേഷനെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്, അത്കൊണ്ട് ഏതെങ്കിലും സംവിധായകർ സമൂഹത്തിനു ഗുണം ചെയ്യുന്ന ലഹരി നിർമ്മാർജ്ജനം ചെയ്യുന്ന ഒരു സിനിമ നിങ്ങൾ ഇറക്കണം, നമ്മുടെ കേരളത്തെ രക്ഷിക്കണം……
ഒരു കാര്യം ഓർക്കുക മക്കളാരും സുരക്ഷിതർ അല്ല….
ജിതിൻ ഉണ്ണികുളം


Leave a Comment