ചെകുത്താന്മാരുടെ സ്വന്തം നാട്, നമ്മുടെ നാട് ഇത് എങ്ങോട്ട്?

 

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഇനി വൈകാതെ ചെകുത്താന്മാരുടെ സ്വന്തം നാട് എന്ന പേരിൽ അറിയപ്പെടും. ശരിക്കും ഓരോ ദിവസത്തെയും വാർത്തകൾ നമ്മളെ ഒക്കെ ഞെട്ടിക്കുന്നത് ആണ്. എങ്ങോട്ടാണ് ഈ യാത്ര? നമ്മുടെ കുട്ടികൾക്ക് ഒക്കെ എന്ത് പറ്റി ? ഇന്നത്തെ കാലഘട്ടത്തിൽ സിനിമ നല്ല രീതിയിൽ സ്വാധീനിക്കുന്നു എന്ന് വ്യക്തമാണ് ഇന്നലെ നടന്ന കൊലപാതകങ്ങൾ.

വാർത്തകൾ പ്രകാരം കൊലപാതകം നടത്തിയ വ്യക്തി കാമുകിയുടെ മുഖം അത്രമാത്രം ക്രൂരമായ രീതിയിൽ വൈകൃതമാക്കി എന്നാണ്,ഇങ്ങനെ ഒരു വാർത്ത കണ്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് മാർക്കോ സിനിമയിലെ കുട്ടിയുടെ മുഖമാണ്… ആത്മാർത്ഥമായിട്ട് സ്നേഹിച്ച പെൺകുട്ടിയെ ഇങ്ങനെ ഒക്കെ ചെയ്യുവാൻ എങ്ങനെ സാധിക്കുന്നു? സാധാരണ ഒരു മനുഷ്യന് ഇങ്ങനെ ക്രൂരമായി ചെയ്യാൻ പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

മാത്രമല്ല കൊലപാതകം നടത്താൻ പ്രധാനമായും ഉപയോഗിച്ചത് ചുറ്റിക ആണത്രേ, കൊലപാതകം നടത്തിയ ശേഷം കുളിച്ചു സുന്ദരനായിട്ട് ആണ് പോലീസ് സ്റ്റേഷനിൽ വന്നത്. പോലീസ് സ്റ്റേഷനിലേക്ക് വരുന്ന സമയത് അയൽവാസിയെ കണ്ടു, അദ്ദേഹത്തോട് മച്ചാനെ ഞാൻ പോയി ഒന്ന് ഒപ്പിട്ടിട്ട് വരാം എന്ന് പറഞ്ഞു വളരെ കൂളായിട്ട് ആണത്രേ സ്റ്റേഷനിലേക്ക് പോയത്.

ഇത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് മാർക്കോയിൽ തന്നെയുള്ള സീൻ, അടിമുഴുവനും കിട്ടി കഴിഞ്ഞിട്ട് കുളിയൊക്കെ കഴിഞ്ഞ് നല്ല ഗ്ളാമർ ആയിട്ട് ഒരു വരവുണ്ട്… ശേഷം ടമാർ പടാർ…. ശരിക്കും ഈ പിള്ളേരെ ഓക്കേ ഇത്തരം സിനിമകൾ സ്വാധീനിക്കുന്നുണ്ടോ? അതോ ഇവരൊക്കെ സ്വയം മാർക്കോ ആയി മാറുവാൻ ശ്രമിക്കുക ആണോ? അതൊരു റിപ്പർ രവി ആകുവാനോ? എന്തായാലും ഒരു കാര്യം ഉറപ്പാണ്, സിനിമകൾ അത് ഏതാണെങ്കിലും നല്ല രീതിയിൽ സ്വാധീനിക്കുന്നു എന്ന് വ്യക്തം…. ഒപ്പം ലഹരിയും…..ഇനിയും വയലൻസ് കൂടുതൽ ഉള്ള സിനിമകൾ വരട്ടെ, പണി, കെജിഎഫ് , പുഷ്പ, ഭോഗൻ വില്ല,സൂക്ഷ്മ ദര്ശിനി,അഞ്ചാം പാതിര, ആവേശം അങ്ങനെ അടിപൊളി അടിപൊളി സിനിമകൾ ഇനിയും ഉണ്ടാവട്ടെ.

പിന്നെ ഈ അടുത്ത് ഇറങ്ങിയ ഒട്ടുമിക്ക സിനിമകളിലും കൊലപ്പെടുത്താൻ അവർ ഉപയോഗിക്കുന്നത് ചുറ്റിക ആണ്, അതുകൊണ്ട് ഒക്കെയാവും ഇപ്പോൾ എല്ലാവരും ആളുകളെ കൊല്ലുവാൻ ചുറ്റിക ഉപയോഗിക്കുന്നത്. എന്തായാലും ഇനി നമ്മളൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്, ആരോടും ഒന്നും മിണ്ടാതെ നമ്മുടെ കാര്യവും നോക്കി പോയാൽ കുറച്ചും കൂടി ആയുസ്സ് കിട്ടും, ഇല്ലെങ്കിൽ ആരുടെയെങ്കിലും ചുറ്റിക അടിയ്‌ക്കോ അല്ലെങ്കിൽ കത്തികൊണ്ടുള്ള കുത്തിനോ നമ്മളും ഇരയാകും….

ജിതിൻ ഉണ്ണികുളം.

No comments

Powered by Blogger.